സിന്ധുനദീജലകരാർ താത്ക്കാലികമായി പിൻവലിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ നടപടികൾ കടുപ്പിച്ച് ഇന്ത്യ. നിലവിൽ രാജ്യം കശ്മീരിലെ ഹിമാലയൻ മേഖലയിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ റിസർവോയർ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. സിന്ധുനദീജല കരാറിനെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾ യുദ്ധസമാനമായി കണക്കാക്കുമെന്നും തിരിച്ചടി നൽകുമെന്നുമുള്ള പാകിസ്താന്റെ ഭീഷണികളെ കാറ്റിൽ പറത്തിയാണ് ഇന്ത്യയുടെ ഈ നീക്കം.
സിന്ധു നദിയിൽ ജലം തടസ്സപ്പെടുത്തി ഇന്ത്യ നിർമിക്കുന്ന ഏതുതരം നിർമിതിയും ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫായിരുന്നു രംഗത്തെത്തിയിരുന്നത്. ‘ഇത്തരം നിർമിതികൾ സിന്ധു ജല കരാറിന്റെ ലംഘനവും പാകിസ്താനെതിരായ കടന്നുകയറ്റവുമാണ്. വെടിയുണ്ട പായിക്കൽ മാത്രമല്ല അതിക്രമം. അതിലൊന്നാണ് ജലം തടസ്സപ്പെടുത്തൽ. അത് ദാഹവും വിശപ്പും മൂലം മരണത്തിനിടയാക്കും. കരാർ ലംഘിക്കൽ ഇന്ത്യക്ക് എളുപ്പമാകില്ല. വിഷയത്തിൽ പാകിസ്താൻ ബന്ധപ്പെട്ട കക്ഷികളെ സമീപിക്കും. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ അക്രമിച്ചാൽ സമ്പൂർണ തിരിച്ചടി നടത്തുമെന്നായിരുന്നു ഭീഷണി.
കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയിരുന്നു. ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാർ അണക്കെട്ടിൽനിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറിൽനിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം.
Discussion about this post