ന്യൂയോർക്ക് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നും ഗുട്ടെറസ് സൂചിപ്പിച്ചു. സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ തയ്യാറാണെന്നും വ്യക്തമാക്കി.
“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം ഇപ്പോൾ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്.നിലവിലെ സാഹചര്യത്തിൽ സൈനിക നടപടി ഒരു പരിഹാരമല്ല. സൈനിക നീക്കം ഉണ്ടായാൽ അത് നിയന്ത്രണാധീതമായേക്കാം. സംഘർഷം കൂടുതൽ രൂക്ഷമായാൽ, അതിന്റെ ആഘാതം ഈ രണ്ട് രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടില്ല. അസ്ഥിരത ദക്ഷിണേഷ്യ മുഴുവൻ വ്യാപിക്കും. യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകില്ല. ഇരു രാജ്യങ്ങളോടും പരമാവധി സംയമനം പാലിക്കാനും സംഘർഷം കുറയ്ക്കാനും അപേക്ഷിക്കുകയാണ്” എന്നും യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ കടുത്ത നിലപാട് ഭയന്ന പാകിസ്താൻ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനോട് അടിയന്തര യോഗം വിളിച്ച് പിരിമുറുക്കം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സമാധാനത്തിനായുള്ള ഏത് ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിടുന്ന ഭീകരാക്രമണങ്ങൾ യുഎൻ പിന്തുണയ്ക്കുന്നില്ല എന്നും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടതെന്നും അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
Discussion about this post