അഹങ്കാരത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പാകിസ്താന് ഇരട്ട പ്രഹരമായി ആഭ്യന്തരകലാപം. രാജ്യത്തിലെ ഏറ്റവും വലിയ പ്രവശ്യകളിലൊന്നായ ബലൂചിസ്താനിലാണ് ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്നത്. തലസ്ഥാനമായ ക്വെറ്റ പിടിച്ചടക്കിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സൃഷ്ടിയാണ് ബംഗ്ലാദേശ്. ഇനിയൊരു യുദ്ധം കൂടി സംഭവിച്ചാൽ ബലൂചിസ്ഥാൻ എന്നൊരു രാജ്യം കൂടി ആഗോള ഭൂപടത്തിൽ ഉയർന്നു വന്നേക്കാമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.പാക് വിരുദ്ധത അത്രത്തോളം ബലൂചിസ്താനിലെ ജനങ്ങൾക്കുള്ളിലുണ്ട്.
സത്യം പറഞ്ഞാൽ ഭീകരതയുടെ മൊത്തവിതരണക്കാരായ പാകിസ്താന് ഇന്നും ഇന്നലെയുമല്ല ബലൂചിസ്താൻ തലവേദനയായി മാറിയത്. സ്വാതന്ത്രാനന്തരം ഇന്ത്യയുമായി ചേരാൻ വെമ്പൽ കൊണ്ട വലിയൊരു പ്രദേശത്തെ അതിർത്തിപങ്കിടുന്നില്ലെന്ന കാരണം പറഞ്ഞ് പാകിസ്താൻ സ്വന്തമാക്കുകയായിരുന്നു. അതും സ്വതന്ത്രപദവി തന്ന് വാഴിക്കാമെന്ന മുഹമ്മദലി ജിന്നയുടെ പൊള്ള വാഗ്ദാനങ്ങൾ വഴി. വിഭജനത്തിനുശേഷം, പാകിസ്താനുമായുണ്ടാക്കിയ, സൗഹൃദ ഉടമ്പടിയുടെ ഭാഗമായി, 1948 മാർച്ച് വരെ ബലൂചിസ്ഥാൻ സ്വതന്ത്രമായി നിലകൊള്ളുകയായിരുന്നു. ഇതിനിടെയാണ് ബലൂചിസ്ഥാന്റെ ഭൂരിഭാഗം മേഖലയും നിയന്ത്രിച്ചിരുന്ന ഖാൻ ഓഫ് കലാത്ത് എന്നറിയപ്പെട്ട ഗോത്ര നേതാവിന് ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടേണ്ടി വന്നു. പാകിസ്താനിൽ ലയിക്കാനുള്ള ഉടമ്പടിയിൽ അധികം വൈകാതെ അദ്ദേഹം ഒപ്പുവച്ചെങ്കിലും ബലൂച് സ്വതന്ത്ര രാഷ്ട്രമാവുകയോ ഇന്ത്യക്കൊപ്പം ചേരുകയോ വേണമെന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ മനസ്. എന്നാൽ പാകിസ്താനോ? പിടിച്ചുവാങ്ങിയ ഇടമാകട്ടെ പൊന്നുപോലെ കാക്കാനൊന്നും പാക് ഭരണകൂടം തയ്യാറായിരുന്നില്ല. ബംഗ്ലാദേശിനോട് ചെയ്ത അതേ ചിറ്റമ്മനയം ബലൂചിസ്ഥാൻ പ്രവിശ്യയോടും തുടർന്നു. ഔദ്യോഗികമായി 1948 ൽ പാകിസ്താന്റെ ഭാഗമായെങ്കിലും ബലൂചിസ്ഥാനു പ്രവിശ്യാപദവി കിട്ടുന്നത് 1970-ൽ മാത്രമാണ്.
ഭൂമിശാസ്ത്രപരമായി നിസാരമല്ല പാക്ഭൂപടത്തിൽ ബലൂചിസ്താനിന്റെ സ്ഥാനം. പാകിസ്താനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.സിന്ധ് പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവയാണ് മറ്റ് മൂന്ന് പ്രവിശ്യകൾ.എണ്ണ, വാതകം, സ്വർണം, കോപ്പർ നിക്ഷേപം വളരെ കൂടുതലാണിവിടെ.എന്നിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ഇവിടം ഏറ്റവും കുറവ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും.തങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണെന്ന ഉറച്ച ബോധ്യം ഇന്ന് ബലൂചിസ്താൻകാർക്കുണ്ട്…പാകിസ്താനുമായി ചേർന്ന അന്ന് മുതൽ ആരംഭിച്ച അസ്വസ്ഥത പതിയെ അങ്ങിങ്ങായി പ്രകടമായി തുടങ്ങി. ചെറുതും വലുതുമായ കലാപങ്ങളും,പ്രതിഷേധങ്ങളും ഉണ്ടായി. ഏത് വിധേനെയും പാകിസ്താനിൽ നിന്ന് സ്വതന്ത്രമാകണമെന്ന ചിന്തയായി ബലൂചിസ്താൻകാർക്ക്. അതിനായി അവർ ഒത്തൊരുമിച്ച് സംഘടനകൾ ഉണ്ടാക്കാൻ തുടങ്ങി. 1958-59, 1962-63, 1973-1977 വർഷങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
ഇതിനിടെ ആരംഭിച്ച സംഘടനയാണ് ബലൂച്ച് വിമോചന സേന. സ്വതന്ത്ര ബലൂചിസ്ഥാൻ സ്ഥാപിക്കുക, പാകിസ്താനും ചൈനയും ബലൂച്ച് വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെ ചെറുക്കുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യം നേടുന്നതിനായി പാകിസ്താൻ സുരക്ഷാ സേന, അടിസ്ഥാന സൗകര്യങ്ങൾ, ബലൂചിസ്ഥാനിലെ ചൈനീസ് താൽപ്പര്യങ്ങൾ, പ്രത്യേകിച്ച് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടവ എന്നിവയെ ലക്ഷ്യമിട്ട് ബലൂച്ച് വിമോചന സേന നിരവധി മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്.2000ത്തിന്റെ തുടക്കത്തിൽ ഉദയം കൊണ്ട സംഘടനയെ 2006 ൽ പാകിസ്താൻ നിരോധിച്ചു. ഇതിലെ നേതാക്കളെയെല്ലാം ക്രൂരമായി പീഡിപ്പിച്ചും, കൊന്നുതള്ളിയുമായിരുന്നു പാകിസ്താൻ പ്രതികാരം വീട്ടിയിരുന്നത്. എന്നാൽ യഥാർത്ഥ പോരാട്ടം ആരംഭിക്കാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ആദ്യം സാധാരണക്കാരാണ് ബലൂച് ലിബറേഷൻ ആർമിയിൽ ആകൃഷ്ടരായിരുന്നതെങ്കിൽ കാര്യങ്ങൾ ഇപ്പോൾ പാകിസ്താന്റെ കൈവെള്ളയിൽ ഒതുങ്ങുന്നതല്ല. വിദ്യാർത്ഥികളും ഉന്നത ബിരുദം നേടിയവരുമാണ് ഇപ്പോൾ സംഘടനയിൽ അംഗങ്ങളാകുന്നത്. നിലവിൽ സംഘടനയിലെ അംഗത്വം ഏകദേശം 5,000 ആണെന്ന് കണക്കാക്കപ്പെടുന്നു. പാക് ഭരണകൂടത്തിന്റെ അവജ്ഞ ശക്തമായതോടെ നിരാശരായ യുവാക്കൾ ബിഎൽഎയെ ആശ്രയമായി കാണുകയും നല്ല നാളേയ്ക്കായി ചാവേറുകളാവാനും തയ്യാറായി മുന്നോട്ടുവരികയായിരുന്നു. ഇതാണ് പാകിസ്താനെ തരിപ്പണമാക്കാൻ ശക്തിയുള്ള വടവൃക്ഷമായി മാറിയിരിക്കുന്നത്. സ്വാതന്ത്രസമരപോരാളികളാണെങ്കിലും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഇവരുടെ പ്രവർത്തനങ്ങളത്രയും. മജീദ് ബ്രിഗേഡ്, ചാവേർ ആക്രമണ യൂണിറ്റുകൾ, ഗറില്ലാ ആക്രമണങ്ങൾക്ക് പേരുകേട്ട ഫത്തേ സ്‌ക്വാഡ് എന്നിവയുൾപ്പെടെ പരിശീലനം ലഭിച്ച യൂണിറ്റുകളാണ് സാധാരണയായി ബിഎൽഎ പ്രവർത്തനങ്ങൾ നടത്തുന്നത്. ബിഎൽഎയുടെ ‘പ്രത്യേക സേനാ വിഭാഗം’ ആണ് 2011ൽ സ്ഥാപിതമായ മജീദ് ബ്രിഗേഡ്, കൂടാതെ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നീക്കങ്ങളിലാണ് ഈ വിഭാഗം ശ്രദ്ധ ചെലുത്തുന്നത്. 1974-ൽ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ വധിക്കാൻ ശ്രമിച്ച അബ്ദുൾ മജീദ് ബലൂച്ചിന്റെ ബഹുമാനാർത്ഥം ഉത്ഭവിച്ചതാണ് ഈ ബ്രിഗേഡ്.പ്രധാനമായും ബലൂചിസ്ഥാനിലെ പർവതപ്രദേശങ്ങളിലാണ് ഫത്തേ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്, പാകിസ്താൻ സൈനിക പട്രോളിംഗിനെതിരെ ഗറില്ലാ യുദ്ധം നടത്തുന്നതും,.സൈനിക വാഹനവ്യൂഹങ്ങളും ക്യാമ്പുകളും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളുമാണ് അവരുടെ പ്രവർത്തന രീതി. ബിഎൽഎയുടെ ഉന്നത സേനയാണ് എസ്ടിഒഎസ്, രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിലും ചാരവൃത്തി നടത്തുന്നതിലും കൊലപാതകങ്ങൾ നടത്തുന്നതിലും അവർ വിദഗ്ദ്ധരാണ്.
Discussion about this post