കറാച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കാൻ ശ്രമിച്ച് സ്വന്തം പൗരന്മാർക്ക് മുമ്പിൽ നാണം കെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി,ആദംപൂർ വ്യോമത്താവളം സന്ദർശിച്ചതിന് സമാനമായി സിയാൽകോട്ടിസെ പാസ്രൂർ കന്റോൺമെന്റിൽ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സന്ദർശിക്കാനാണ് പാക് മന്ത്രി പോയത്.
സിയാൽകോട്ട് വ്യോമത്താവളത്തിൽ ഇന്ത്യ വരുത്തിവച്ച നാശനഷ്ടങ്ങൾ മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും വെളിപ്പെടുന്ന കാഴ്ചയായിരുന്നു പാക് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ നിന്നുണ്ടായത്. ഒരു ടാങ്കിന് മുകളിൽ കയറിനിന്ന് മൈക്കിലൂടെ സംസാരിക്കുന്ന പാക് പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സൈനികരെയൊന്നും ഇതിൽ കാണാനില്ല.
സൈനിക നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും സൈനികരെയും കാണുന്നതിനും അവരെ അഭിസംബോധന ചെയ്യുന്നതിനുമാണ് പോയതെന്നാണ് റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, ഫെഡറൽ മന്ത്രിമാരായ അഹ്സൻ ഇഖ്ബാൽ, അത്തൗല്ല തരാർ, കോർപ്സ് കമാൻഡർ സിയാൽകോട്ട്, മുതിർന്ന സിവിൽ, സൈനിക നേതൃത്വം എന്നിവർ ഷെരീഫിനൊപ്പമുണ്ടായിരുന്നു.
ലാഹോറിൽ നിന്ന് 130 കിലോ മീറ്റർ അകലെയാണ് പസ്രൂൺ കന്റോൺമെന്റ്. ഇവിടത്തെയും സിയാൽകോട്ട് വ്യോമ താവളത്തിലെയും റഡാർ സംവിധാനങ്ങൾ ഇന്ത്യ തകർത്തിരുന്നു.








