ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തുക തട്ടിയെടുത്തെന്ന് ആരോപിച്ചുകൊണ്ട് പാർലമെന്റ് വളപ്പിൽ പ്രതീകാത്മക നാടകം സംഘടിപ്പിച്ച സംഭവത്തിൽ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവിനെതിരെ പൊലീസിൽ പരാതി നൽകി. ഡൽഹി ജഹാംഗീർപുരി പോലീസ് സ്റ്റേഷനിൽ സൂര്യ മൈഥിൽ എന്നയാളാണ് എംപിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പാർലമെന്റ് വളപ്പിൽ കാവി വസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തിലെത്തുകയും രാമക്ഷേത്രത്തിലെ പണം പോക്കറ്റിലാക്കുന്നത് പ്രതീകാത്മകമായി ചിത്രീകരിക്കുകയും ചെയ്തതിലൂടെ ഹിന്ദുക്കളുടെയും സനാതന ധർമ്മത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കാവി വസ്ത്രത്തെയും ആത്മീയ ചിഹ്നങ്ങളെയും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി എംപിമാരായ ഡിംപിൾ യാദവ്, അവധേഷ് പ്രസാദ് തുടങ്ങിയ പ്രമുഖ ഇന്ത്യാ മുന്നണി നേതാക്കളുടെ പിന്തുണയോടെയാണ് പപ്പു യാദവ് ഈ പ്രതിഷേധ നാടകം അരങ്ങേറ്റിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പ്രകടനത്തിനിടെ ശ്രീരാമഭഗവാന്റെ ചിത്രം കാൽക്കീഴിൽ വെച്ച് അപമാനിച്ചെന്നും ഇത് രാജ്യത്തുടനീളമുള്ള വിശ്വാസികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സൂര്യ മൈഥിൽ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി പോലീസ് കമ്മീഷണർ തുടങ്ങിയവർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പപ്പു യാദവിനും കൂടെയുണ്ടായിരുന്ന നേതാക്കൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസിന് ലഭിച്ച പരാതിയിന്മേൽ കേസ് എടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടിവരികയാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.








