ന്യൂഡൽഹി : തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി അടിയന്തരമായി റദ്ദാക്കി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങളിലെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന ജോലിയായിരുന്നു ഈ കമ്പനി ഇന്ത്യയിൽ നിർവഹിച്ചിരുന്നത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാകിസ്താന് പൂർണ്ണ പിന്തുണ നൽകുകയും ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് നടപടി.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആണ് സെലെബി എയർപോർട്ട് സർവീസസിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി അടിയന്തരമായി റദ്ദാക്കിയത് അറിയിച്ചത്. തുർക്കി പ്രസിഡണ്ട് എർദോഗന്റെ മകൾ സുമയ്യയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സെലെബി കമ്പനി. തുർക്കിയുടെ പാകിസ്താൻ അനുകൂല നിലപാടിന്റെ പശ്ചാത്തലത്തിൽ ഈ കമ്പനിക്ക് ഇന്ത്യയുടെ വിമാനത്താവളങ്ങളിലെ ലഗേജുകളുടെ ചുമതല നൽകുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി.
ഇസ്താംബൂൾ ആസ്ഥാനമായുള്ള സെലെബി ഏവിയേഷൻ ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനമാണ് സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡ്. മുംബൈ, ഡൽഹി, കൊച്ചി, കണ്ണൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ നൽകി വന്നിരുന്നത് ഈ കമ്പനിയാണ്. കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിലൂടെ കനത്ത തിരിച്ചടിയാണ് തുർക്കി കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
Discussion about this post