ലഖ്‌നൗ : കേരളത്തിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം വലിയ രീതിയിൽ വാർത്തയായിരുന്നു. സൗന്ദര്യവർദ്ധക ചികിത്സകളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ചർച്ച നടക്കുന്ന ഈ സാഹചര്യത്തിൽ സമാനമായ ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തതിന് പിന്നാലെ രണ്ട് യുവാക്കളാണ് ദാരുണമായി മരിച്ചത്.
കാൺപൂരിലെ ഡോ. അനുഷ്ക തിവാരിയുടെ എമ്പയർ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് എഞ്ചിനീയർമാർ സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി മരിക്കുകയായിരുന്നു. ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവർക്കും മുഖത്ത് കടുത്ത വീക്കവും വേദനയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ തന്നെ ഇരുവരും മരിച്ചു.
കാൺപൂരിൽ എഞ്ചിനീയർമാരായ വിനീത് ദുബെ, മായങ്ക് കത്യാർ എന്നിവരാണ് മരിച്ചത്. വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ഡോ. അനുഷ്ക തിവാരിയുടെ ക്ലിനിക്കായ എംപയറിനെതിരെ പരാതി നൽകിയതോടെയാണ് ആദ്യ കേസ് വെളിച്ചത്തുവന്നത്. മാർച്ച് 13 ന് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടർന്ന് തന്റെ ഭർത്താവിന് കടുത്ത അണുബാധയുണ്ടായതായും ഇത് മുഖത്ത് വീക്കം, കഠിനമായ വേദന എന്നിവയ്ക്ക് കാരണമായതായും ശസ്ത്രക്രിയയ്ക്ക് ഒരു ദിവസത്തിന് ശേഷം മാർച്ച് 14 ന് അദ്ദേഹം മരിച്ചതായും ആണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയെത്തുടർന്ന് ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം ആശുപത്രി അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post