ന്യൂഡൽഹി : എവറസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി. 29,032 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ആദ്യ സേനാ ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സബ് ഇൻസ്‌പെക്ടർ ഗീത സമോട്ട. വെറും 3 ദിവസത്തിനുള്ളിൽ എവറസ്റ്റിന്റെ 5 കൊടുമുടികൾ ആണ് ഗീത കീഴടക്കിയത്.
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ചാക് ഗ്രാമത്തിൽ നിന്നുള്ള ഗീതയുടെ ഈ ചരിത്ര വിജയം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും മാതൃകയാണ്. ഒരു സാധാരണ ഗ്രാമീണ കുടുംബത്തിലെ നാലു പെൺമക്കളിൽ ഒരാളായ ഗീത സമോട്ട തന്റെ ജീവിതത്തിലെ എല്ലാ മോശം സാഹചര്യങ്ങളോടും പടപൊരുതിയാണ് ഇന്ത്യൻ സൈന്യത്തിലും ഇപ്പോൾ എവറസ്റ്റിന്റെ നെറുകയിലും എത്തിച്ചേർന്നിരിക്കുന്നത്. കോളേജ് പഠനകാലത്ത് മികച്ച ഒരു ഹോക്കി കളിക്കാരി ആയിരുന്നു ഗീത. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു പരിക്ക് മൂലം അവർക്ക് കായിക ജീവിതം ഉപേക്ഷിക്കേണ്ടതായി വന്നു. ദേശീയതയോടുള്ള അവരുടെ താല്പര്യം സൈന്യത്തിലേക്ക് വഴിവച്ചു. 2011-ൽ സിഐഎസ്എഫിൽ ചേർന്നുകൊണ്ട് അവർ ഇന്ത്യൻ സേനയുടെ ഭാഗമായി.
ഒരുകാലത്ത് സേനയിൽ അധികം അറിയപ്പെടാത്ത ഒരു മേഖലയായ പർവതാരോഹണത്തിൽ ഗീത അതീവ താല്പര്യം പ്രകടിപ്പിച്ചു. തുടർന്ന് 2015 ൽ ഔലിയിലെ ഐടിബിപി പരിശീലന സ്ഥാപനത്തിൽ ആറ് ആഴ്ച നീണ്ടുനിൽക്കുന്ന അടിസ്ഥാന പർവതാരോഹണ കോഴ്‌സിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. ഈ ബാച്ചിലെ ഏക വനിതയായിരുന്നു ഗീത സമോട്ട. 2019-ൽ, കേന്ദ്ര സായുധ പോലീസ് സേനയിൽ നിന്ന് ഉത്തരാഖണ്ഡിലെ മൗണ്ട് സത്തോപന്ത് (7,075 മീറ്റർ), നേപ്പാളിലെ മൗണ്ട് ലോബുഷെ (6,119 മീറ്റർ) എന്നിവ കീഴടക്കിയ ആദ്യ വനിതയായി ഗീത മാറി.
2021 ലും 2022 ന്റെ ആദ്യമാസങ്ങളിലുമായി സെവൻ സമ്മിറ്റ്സ് ചലഞ്ചിന്റെ ഭാഗമായി ഗീത സമോട്ട നാല് പ്രധാന കൊടുമുടികൾ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മൗണ്ട് കോസിയുസ്‌കോ (2,228 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ), ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ മൗണ്ട് അക്കോൺകാഗ്വ (6,961 മീറ്റർ) എന്നീ കൊടുമുടികൾ ആയിരുന്നു അന്ന് ഗീത കയറിയത്. വെറും 6 മാസവും 27 ദിവസവും കൊണ്ട് ഈ നേട്ടം കൈവരിച്ച അവർ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ വനിതയായി റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ എവറസ്റ്റ് കൊടുമുടിയിലും ഗീത സമോട്ട ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post