അമരാവതി : ദക്ഷിണേന്ത്യയും ഇപ്പോൾ വലിയ രീതിയിൽ തന്നെ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ച് പവൻ കല്യാൺ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിൽ നിന്ന് അടക്കമുള്ള കുടിയേറ്റക്കാരുടെ ഭീഷണി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
റോഹിംഗ്യൻ കുടിയേറ്റം വർദ്ധിച്ചുവരുന്നതും തീരദേശ നുഴഞ്ഞുകയറ്റ ഭീഷണിയും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്ന് പവൻ കല്യാൺ വ്യക്തമാക്കി. ഹൈദരാബാദിലെയും കോയമ്പത്തൂരിലെയും മുൻകാല ആക്രമണങ്ങൾ എപ്പോഴും ഓർമ്മയിൽ ഉണ്ടാകണം. അതിർത്തിയിൽ സായുധസേനകൾ നിരീക്ഷണം നടത്തുന്നതുപോലെ സംസ്ഥാനങ്ങളിലെ പോലീസും കൃത്യമായ നിരീക്ഷണങ്ങൾ നടത്തണമെന്നും പവൻ കല്യാൺ അഭിപ്രായപ്പെട്ടു.
ആന്ധ്രപ്രദേശിന്റെ ആഭ്യന്തര സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന പോലീസിന്റെ കർശനമായ നിരീക്ഷണവും ഭരണ വകുപ്പുകളുമായി മികച്ച ഏകോപനവും ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ഡിജിപിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപരിചിതരായതും സംശയം തോന്നുന്നതുമായ വ്യക്തികളെ കൃത്യമായി നിരീക്ഷിക്കണം, തീരദേശ മേഖലകളിൽ കനത്ത ജാഗ്രത പുലർത്തണം, അനധികൃത കൂടിയേറ്റക്കാരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടികൾ വേണം എന്നുമാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post