ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങൾക്കുള്ള കൃത്യമായ സന്ദേശം നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം എന്ന രോഗത്തിൽനിന്ന് പാകിസ്താനെ മുക്തമാക്കാൻ അവിടുത്തെ ജനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് മോദി വ്യക്തമാക്കി. ഭീകരതയിലൂടെ നിങ്ങൾ എന്താണ് നേടിയത് എന്നാണ് എനിക്ക് പാകിസ്താനിലെ ജനങ്ങളോട് ചോദിക്കാനുള്ളത്. ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. എന്നാൽ നിങ്ങൾ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് ചിന്തിച്ചു നോക്കൂ എന്നും മോദി വ്യക്തമാക്കി.
ഗുജറാത്തിലെ ഭുജിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി പാകിസ്താനി ജനതയോടുള്ള ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. പാകിസ്താനെ ഭീകരതയുടെ രോഗത്തിൽ നിന്ന് മോചിപ്പിക്കാൻ പാകിസ്താനിലെ ജനങ്ങൾ മുന്നോട്ട് വരണം. പാകിസ്താനിലെ യുവാക്കൾ അതിനായി മുന്നോട്ട് വരണം. സമാധാനപരമായ ജീവിതം നയിക്കുക, നിങ്ങളുടെ അപ്പം കഴിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ വെടിയുണ്ടകൾ അവിടെയുണ്ടാകും എന്നും മോദി അറിയിച്ചു.
പാകിസ്താനിൽ ഭരണകൂടവും സൈന്യവും പിന്തുണയും ധനസഹായവും നൽകുന്ന ഒരു തുറന്ന ബിസിനസ് ആണ് തീവ്രവാദം എന്നും മോദി സൂചിപ്പിച്ചു. പാകിസ്താനിൽ നിന്നുള്ള ഭീകരതയ്ക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടിയല്ല, അത് നമ്മുടെ ഇന്ത്യൻ മൂല്യങ്ങളുടെയും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുപിടിക്കുന്ന ആഴത്തിലുള്ള വികാരങ്ങളുടെയും പ്രതിഫലനമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റാൻ ആരെങ്കിലും തുനിഞ്ഞാൽ, അവരുടെ അവസാനം ഉറപ്പാണ് എന്നും മോദി വ്യക്തമാക്കി.








