ന്യൂഡൽഹി : ഇന്ത്യൻ മണ്ണിൽ ജീവിച്ചുകൊണ്ട് പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ അന്വേഷണവുമായി ദേശീയ അന്വേഷണ ഏജൻസി. അന്വേഷണവുമായി ബന്ധപ്പെട്ട് 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്ട്ര , ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ശനിയാഴ്ച എൻഐഎ റെയ്ഡ് നടത്തിയത്.
പാകിസ്താൻ ഇന്റലിജൻസ് പ്രവർത്തകരുമായി (പിഐഒ) ബന്ധമുള്ളതായി സംശയിക്കുന്നവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. ഇവിടെ നിന്നും നിരവധി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും സെൻസിറ്റീവ് രേഖകളും പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ചാരവൃത്തി റാക്കറ്റിനെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന തെളിവുകൾ ആണ് ഇതെന്നാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.
പാകിസ്താനിൽ നിന്നും സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ സുപ്രധാന വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയ ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം നടത്തുന്നത്. പാകിസ്താന് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയിരുന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മെയ് 20 ന് എൻഐഎ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന തുടർ അന്വേഷണങ്ങൾ. ദേശീയ അന്വേഷണ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്ത പ്രതിയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
Discussion about this post