ന്യൂഡൽഹി : എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മസ്കിന് വലിയ ആശ്വാസമാണ് ഇന്ത്യയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് സ്റ്റാർ ലിങ്കിന് ഉടൻതന്നെ നൽകുമെന്ന് കഴിഞ്ഞ ദിവസം കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെ മൂന്നാമത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാവായി പ്രവർത്തനം ആരംഭിക്കാനാണ് സ്റ്റാർ ലിങ്ക് ഒരുങ്ങുന്നത്. ഭാരതിയുടെ വൺവെബിനും റിലയൻസ് ജിയോയ്ക്കും നേരത്തെ ഈ ലൈസൻസ് നൽകിയിരുന്നു. ലൈസൻസിംഗ് പ്രക്രിയയ്ക്ക് ശേഷം സ്‌പെക്ട്രം വിഹിതം പിന്തുടരുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
2022 ൽ തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി ലൈസൻസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ ആശങ്കകൾ പരിഹരിച്ച ശേഷമാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. സ്റ്റാർ ലിങ്ക് കൂടി മത്സരരംഗത്ത് എത്തുന്നതോടെ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള പണച്ചിലവ് കുറയാൻ സാധ്യതയുണ്ട്. ആമസോണിന്റെ ഉപഗ്രഹ പദ്ധതിയായ കൈപ്പറും ഇന്ത്യയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഉള്ള വൻവർദ്ധനവാണ് ഈ പ്രമുഖ വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നത്.
Discussion about this post