ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് എതിരായി വിവാദ വെളിപ്പെടുത്തൽ നടത്തിയ എക്സ് പോസ്റ്റ് എലോൺ മസ്ക് പിൻവലിച്ചു. അമേരിക്കയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഫയലിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞദിവസം മസ്ക് പോസ്റ്റ് ചെയ്തിരുന്നത്. ട്രമ്പിന്റെ പേര് ഉള്ളതിനാലാണ് ഈ ഫയലുകൾ അമേരിക്ക രഹസ്യമായി സൂക്ഷിക്കുന്നത് എന്നും മസ്ക് ആരോപിച്ചു.
‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ വിപുലമായ നിയമനിർമ്മാണ നിർദ്ദേശത്തെ മസ്‌ക് കടുത്ത ഭാഷയിൽ വിമർശിച്ചതാണ് അമേരിക്കൻ പ്രസിഡണ്ടും മസ്കും തമ്മിലുള്ള സൗഹൃദം വഷളാക്കിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചതോടെ തർക്കം കൂടുതൽ വഷളായി. മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും തമ്മിൽ ആജന്മ ശത്രുതയിലേക്ക് നീങ്ങുകയായിരുന്നു.
ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിലെ (DOGE) സ്ഥാനം രാജിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എലോൺ മസ്‌കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കം ആരംഭിച്ചത്. തുടർന്ന് മസ്‌കിൽ താൻ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചു . പിന്നാലെ തന്റെ പിന്തുണയില്ലായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്ന് മസ്‌ക് വെളിപ്പെടുത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുകയായിരുന്നു.
Discussion about this post