ന്യൂയോർക്ക് : ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് പ്രോഗ്രാമിന് നേതൃത്വം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട് ചെന്നൈ സ്വദേശിയായ എഞ്ചിനീയർ അശോക് എല്ലുസ്വാമി. നിലവിൽ ടെസ്‌ല ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറാണ് അദ്ദേഹം. മുൻ പ്രോഗ്രാം മേധാവി മിലാൻ കോവാക് സ്ഥാനമൊഴിഞ്ഞതോടെയാണ് അശോക് എല്ലുസ്വാമി ടെസ്‌ലയുടെ അഭിമാന പ്രോജക്റ്റിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
2014-ൽ ടെസ്‌ലയുടെ എഐ/ഓട്ടോപൈലറ്റ് ടീമിൽ ചേർന്ന ആദ്യത്തെ എഞ്ചിനീയർ ആയിരുന്നു അശോക് എല്ലുസ്വാമി. അതിനുശേഷം എല്ലാ എഐ, ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറുകളുടെയും വികസനത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന റോബോട്ടിക്സ് എഞ്ചിനീയറായ അശോക് 2019 മുതൽ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറാണ്. ചെന്നൈയിലെ ഗിണ്ടിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദവും കാർണഗീ മെലോൺ സർവകലാശാലയിൽ നിന്ന് റോബോട്ടിക് സിസ്റ്റംസ് ഡെവലപ്‌മെന്റിൽ മാസ്റ്റർ ഓഫ് സയൻസും പൂർത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് അശോക് എല്ലുസ്വാമി.
ടെസ്‌ലയിൽ ചേരുന്നതിന് മുമ്പ് WABCO വെഹിക്കിൾ കൺട്രോൾ സിസ്റ്റംസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി അശോക് എല്ലുസ്വാമി ജോലി ചെയ്തിരുന്നു. കൂടാതെ ഫോക്‌സ്‌വാഗന്റെ ഇലക്ട്രോണിക് റിസർച്ച് ലാബിൽ ഗവേഷണ ഇന്റേൺഷിപ്പും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഓട്ടോണമസ് ഡ്രൈവിംഗ് പ്രോജക്ടുകൾക്ക് നേതൃത്വം നൽകി. റോബോട്ടിക്സ്, കമ്പ്യൂട്ടർ വിഷൻ, പെർസെപ്ഷൻ, പ്ലാനിംഗ്, കൺട്രോൾ എന്നിവയിൽ വിദഗ്ധനാണ് ഇപ്പോൾ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്ന അശോക് എല്ലുസ്വാമി.
Discussion about this post