കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വാൻഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത എന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്). ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് തീപിടിച്ചത്.
കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കപ്പലിലെ 154 കണ്ടെയ്‌നറുകളിൽ അസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നത് കണ്ടെയ്‌നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്‌നറുകൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം.
തീ പിടിച്ച കപ്പലിൽ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്‌നറുകൾ കടലിലേക്ക് വീണിരുന്നു. കണ്ടെയ്നറുകളിലെ പൊട്ടിത്തെറിയും ഇടയ്ക്ക് ഇവ കടലിൽ പതിക്കുന്നതും മറ്റ് കപ്പലുകൾക്ക് ഇതിനടുത്തെത്താൻ തടസമാകുന്നുണ്ട്. തീപിടിത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Discussion about this post