ഓപ്പറേഷൻ സിന്ദൂറിനും ഇന്ത്യ-പാക് സംഘർഷത്തിനും പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഇന്ത്യൻ നിർമ്മിത മിസൈൽ ആയിരുന്നു ബ്രഹ്മോസ്. എന്നാൽ ഇന്ത്യയുടെ ആയുധ കലവറയിൽ ശത്രുക്കളെ കാത്തിരിക്കുന്നത് ബ്രഹ്മോസ് മാത്രമല്ല എന്ന് വ്യക്തമാക്കുകയാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-സർഫസ് രുദ്രം മിസൈലുകളുടെ പരമ്പരയിലെ നാലാമൻ പിറവികൊണ്ടതായാണ് ഡിആർഡിഒ അറിയിക്കുന്നത്. അടുത്ത തലമുറ ഹൈപ്പർസോണിക് മിസൈൽ ആയ രുദ്രം-4 ആണ് ഏറ്റവും ഒടുവിലായി ഡിആർഡിഒ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി, 6,790 കിലോമീറ്റർ വേഗത, കൃത്യമായ മാർഗ്ഗനിർദ്ദേശത്തിനുള്ള കഴിവ്, ഭാരം കുറഞ്ഞ രൂപകൽപ്പന എന്നിങ്ങനെ ഏറെ ശ്രദ്ധേയമായ സവിശേഷതകളാണ് രുദ്രം-4 ന് ഉള്ളത്. Su-30 MKI, മിറാഷ് 2000, റാഫേൽ എന്നിവയ്‌ക്കൊപ്പമെല്ലാം വിന്യസിക്കാൻ കഴിയുന്നതാണ് ദീർഘദൂര എയർ-ടു-സർഫസ് രുദ്രം മിസൈലുകൾ.
ശത്രു വ്യോമ പ്രതിരോധങ്ങളെയും പ്രധാനപ്പെട്ട കര ലക്ഷ്യങ്ങളെയും നശിപ്പിക്കുന്നതിനായി ഏറ്റവും ഫലപ്രദമായും വേഗതയിലും പ്രവർത്തിക്കാൻ ഡിആർഡിഒ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തവയാണ് രുദ്രം മിസൈലുകൾ. ഈ പരമ്പരയിലെ ആദ്യ മിസൈൽ മുഴുവൻ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു സൂപ്പർസോണിക് ആന്റി-റേഡിയേഷൻ മിസൈൽ ആണ് രുദ്രം-1. 2020 ൽ ഇത് വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ Su-30 MKI ജെറ്റുകളിൽ ആണ് ഇത് വിന്യസിച്ചിട്ടുള്ളത്. രുദ്രം-1 വിഭാഗത്തിൽപ്പെട്ട കൂടുതൽ മിസൈലുകളുടെ നിർമ്മാണം ഇന്ത്യ തുടരുകയാണ്.
രുദ്രം പരമ്പരയിലെ രണ്ടാമനായ രുദ്രം-2 300 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹൈപ്പർസോണിക് മിസൈലാണ്. ഇതിന് ആന്റി-റേഡിയേഷൻ, ഗ്രൗണ്ട്-അറ്റാക്ക് വകഭേദങ്ങളുണ്ട്. ഇതിന്റെ ഇമേജിംഗ് ഇൻഫ്രാറെഡ് (IIR) സീക്കർ വിവിധ ലക്ഷ്യങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ സഹായിക്കുന്നു. 2024 മെയ് മാസത്തിൽ Su-30 MKI യിൽ നിന്ന് രുദ്രം-2 വിജയകരമായി പരീക്ഷിച്ചു. പരമ്പരയിലെ മൂന്നാമൻ രുദ്രം-3 550 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള ഹൈപ്പർസോണിക് മിസൈലാണ്. കൂടുതൽ ആഴത്തിലുള്ള ആക്രമണങ്ങൾക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബ്രഹ്മോസിനേക്കാൾ വേഗതയുള്ളതും കൂടുതൽ പേലോഡ് വഹിക്കാൻ കഴിവുള്ളതുമായിരിക്കും രുദ്രം-3 മിസൈലുകൾ. ഇവ നിലവിൽ വികസന ഘട്ടത്തിലാണ്.
രുദ്രം പരമ്പരയിൽ ഏറ്റവും ഒടുവിലായി വികസിപ്പിച്ചെടുത്തിരിക്കുന്ന
രുദ്രം-4 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഒരു ലോംഗ്-റേഞ്ച് സ്റ്റാൻഡ്-ഓഫ് വെപ്പൺ (LRSOW) ആണ്. രുദ്രം-3 ന്റെ 550 കിലോമീറ്റർ ദൂരപരിധിയും മറികടക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. പരമ്പരയിലെ മറ്റ് മിസൈലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും രുദ്രം-4. മണിക്കൂറിൽ 6,790 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ഇതിന്റെ ഹൈപ്പർസോണിക് വേഗത റഡാറുകളിൽ നിന്നും ഇന്റർസെപ്റ്ററുകളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. രുദ്രം-4ന്റെ INS-GPS നാവിഗേഷനും IIR പോലുള്ള അഡ്വാൻസ്ഡ് സീക്കറുകളും പാസീവ് ഹോമിംഗ് ഹെഡ്‌സും കമാൻഡ് സെന്ററുകൾ, റഡാർ ഇൻസ്റ്റലേഷനുകൾ, ഫോർട്ടിഫൈഡ് ബങ്കറുകൾ എന്നിവയെ കൃത്യമായി ലക്ഷ്യമിടാൻ സഹായിക്കുന്നു. റഷ്യയുടെ കിൻസാൽ മിസൈലിന് സമാനമായി വ്യോമ പ്രതിരോധ റഡാർ ആർക്കുകളെ മറികടക്കുന്ന താഴ്ന്ന ഉയരത്തിലുള്ള ക്വാസി-ബാലിസ്റ്റിക് പാതകളും കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് രുദ്രം-4ന്റെ മറ്റൊരു പ്രധാന സവിശേഷത. നിലവിൽ വികസന ഘട്ടത്തിലുള്ള രുദ്രം-4 2030ഓടെ മുഴുവൻ നിർമ്മാണങ്ങളും പൂർത്തിയാക്കി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെടും എന്നാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്.
Discussion about this post