വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്താവനങ്ങളിൽ ഖേദപ്രകടനവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. എപ്‌സ്റ്റീൻ ഫയലുകളിൽ അമേരിക്കൻ പ്രസിഡന്റിന്റെ പേരുണ്ടെന്ന മസ്കിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെയേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ട്രംപുമായുള്ള തർക്കത്തിൽ താൻ അനാവശ്യമായി വളരെ ദൂരം മുന്നോട്ടുപോയി എന്നാണ് ഇപ്പോൾ മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ള തന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മസ്ക് ഖേദം പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റുമായുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമായാണ് മസ്കിന്റെ ഈ ഖേദപ്രകടനം എന്നാണ് വിലയിരുത്തപ്പെടുന്നത്. “കഴിഞ്ഞ ആഴ്ച പ്രസിഡന്റ് @realDonaldTrump നെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളിൽ ഞാൻ ഖേദിക്കുന്നു. അവ അതിരുകടന്നുപോയി” എന്നാണ് ഇലോൺ മസ്ക് ഏറ്റവും പുതിയ എക്സ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചില വിഷയങ്ങളിൽ മസ്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ ഉദ്ദേശ്യമില്ല എന്ന് വ്യക്തമാക്കിയ ട്രംപ് എല്ലാ അനുരഞ്ജന ശ്രമങ്ങളെയും തള്ളിക്കളഞ്ഞിരുന്നു.
Discussion about this post