ഉന്നത അമേരിക്കൻ നേതാക്കൾക്കെതിരെ കൊലപാതക ആഹ്വാനവുമായി അൽ ഖ്വയ്ദ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ടെസ്‌ല മേധാവി ഇലോൺ മസ്ക് തുടങ്ങിയവരെ കാണുന്നിടത്ത് വച്ച് കൊല്ലണം എന്നാണ് അൽ ഖ്വയ്ദ പുറത്തുവിട്ട ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. അമേരിക്കയിലെ മുസ്ലീങ്ങളോടാണ് ഭീകര സംഘടന ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 34 മിനിറ്റ് ദൈർഘ്യമുള്ള പ്രകോപനപരമായ വീഡിയോ ആണ് അൽ ഖ്വയ്ദ പുറത്തുവിട്ടിരിക്കുന്നത്.
അൽ-ഖ്വയ്ദയുടെ തലവൻ സാദ് ബിൻ അതേഫ് അൽ-അവ്‌ലാക്കി ആണ് വീഡിയോയിൽ കൊലപാതക ആഹ്വാനം നടത്തുന്നത്. നിലവിൽ ഇയാൾ യെമനിൽ ആണ് താമസിക്കുന്നത്. അൽ ഖ്വയ്ദ ഏറ്റവും പുതുതായി പുറത്തിറക്കിയ ഈ വീഡിയോയിൽ അമേരിക്കയിലെ മുസ്ലീങ്ങൾ പ്രതികാരം ചെയ്യണമെന്നും ആക്രമണം നടത്തണമെന്നും അൽ-അവ്‌ലാക്കി ആവശ്യപ്പെടുന്നു.
ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുന്നതിനാലാണ് അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ കൊല്ലണമെന്ന് അൽ ഖ്വയ്ദ ആവശ്യപ്പെട്ടിരിക്കുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് എന്നിവരെയും കൊല്ലണമെന്നും സാദ് ബിൻ അതേഫ് അൽ-അവ്‌ലാക്കി വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. വൈറ്റ് ഹൗസ് രാഷ്ട്രീയക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളവരെയോ അവരുമായി അടുപ്പമുള്ളവരെയോ പിന്തുടരണം എന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു.
യുഎസിലെ ജൂത ജനതയ്‌ക്കെതിരായ ആക്രമണങ്ങൾ തുടരാനും അൽ ഖ്വയ്ദ ഈ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post