ധാക്ക : ബംഗ്ലാദേശിലെ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മഭവനം അടിച്ചുതകർത്ത് ആൾക്കൂട്ടം. ബംഗ്ലാദേശിലെ സിറാജ്ഗഞ്ച് ജില്ലയിൽ സ്ഥിതിചെയ്യുന്ന രബീന്ദ്രനാഥ ടാഗോറിന്റെ പൂർവ്വിക ഭവനമായ കച്ചാരിബാരി ആണ് തകർക്കപ്പെട്ടത്. നിലവിൽ ഇതൊരു മ്യൂസിയം ആയാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ ബംഗ്ലാദേശിലെ പുരാവസ്തു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
മ്യൂസിയം ജീവനക്കാരും സന്ദർശകരും തമ്മിലുണ്ടായ സംഘർഷമാണ് അക്രമത്തിലേക്ക് നീങ്ങിയത് എന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മ്യൂസിയത്തിലെ പാർക്കിംഗ് ഫീസിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സംഭവസ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധം നടത്തിയിരുന്നു. പ്രദേശവാസികളുടെ ഈ പ്രതിഷേധം പിന്നീട് അക്രമാസക്തം ആവുകയും രബീന്ദ്രനാഥ ടാഗോറിന്റെ വീട് ഉൾപ്പെടുന്ന മ്യൂസിയം അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു.
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ സ്ഥാപനത്തിന്റെ ഒരു ഡയറക്ടർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുരാവസ്തു വകുപ്പ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. ടാഗോർ കുടുംബത്തിന്റെ പൂർവ്വിക വസതിയും റവന്യൂ ഓഫീസും ആയി പ്രവർത്തിച്ചിരുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള ഭവനമാണ് തകർക്കപ്പെട്ടിട്ടുള്ളത്. രബീന്ദ്രനാഥ ടാഗോർ രചിച്ച പല സുപ്രധാന സാഹിത്യ കൃതികളും ഇവിടെ നിന്നുമായിരുന്നു പിറവിയെടുത്തിരുന്നത്.
Discussion about this post