ഗാന്ധിനഗർ : അഹമ്മദാബാദിൽ എയർ ഇന്ത്യ യാത്രാ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. അറുപതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ പ്രവേശിപ്പിച്ചു. 110 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ 50ലേറെ പേർ യുകെ പൗരന്മാരാണ്. എയർ ഇന്ത്യയുടെ AI-171 വിമാനമാണ് പറന്നുയർന്ന ഉടൻതന്നെ തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും വീടുകൾക്കോ അപ്പാർട്ട്മെന്റുകൾക്കോ സമീപമല്ല അപകടം നടന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. സമീപത്തുള്ള അപ്പാർട്ട്മെന്റുകൾക്ക് അപകടത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് അഹമ്മദാബാദിൽ നിന്നുമുള്ള പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്.
വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗറിൽ ആണ് അപകടമുണ്ടായത്. ശക്തമായ ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തകർന്നുവീണ വിമാനത്തിന് ഉടൻതന്നെ തീ പിടിക്കുകയും ചെയ്തു. മുഴുവൻ ഇന്ധനവും ഉണ്ടായിരുന്ന വിമാനമായതിനാൽ വൻ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്തിൽ എട്ട് കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിക്കുകയും സംസ്ഥാനത്തിന് സഹായം ഉറപ്പ് നൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി കേന്ദ്രസർക്കാർ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഉടൻതന്നെ അഹമ്മദാബാദിൽ എത്തിച്ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
Discussion about this post