ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. ജൂൺ 13 ന് രാവിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയ ഇസ്രയേൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരേയും ആണവശാസ്ത്രജ്ഞരേയും വകവരുത്തുകയും ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം താറുമാറാക്കിയതിനു ശേഷമായിരുന്നു പോർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമസേനയുടെ അമേരിക്കൻ നിർമ്മിത യുദ്ധ വിമാനങ്ങളായ എഫ് 15, എഫ് 16 , എഫ് 35 എന്നിവ ഇറാന്റെ മണ്ണിൽ കനത്ത നാശം വിതക്കുകയും ചെയ്തു.
ലോകത്തെ സൈനിക ശക്തികളെ അമ്പരപ്പിക്കുന്ന ഈ നീക്കം അതീവ കൃത്യതയോടെ ഇസ്രയേൽ നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പിനു ശേഷമാണ്. ആയിരക്കണക്കിന് ആളുകൾ മാനുഷികമായ രഹസ്യാന്വേഷണവും ബുദ്ധി കൗശലവും ഉപയോഗിച്ച് സാങ്കേതിക സംവിധാനങ്ങളുടെ കരുത്തിൽ നടത്തിയ ഒന്നാന്തരം ഒന്നാന്തരം ആക്രമണം. ഇസ്രയേൽ ചാര സംഘടനയായ മൊസ്സാദിന്റെ അതി വിദഗ്ദ്ധമായ ആസൂത്രണ മികവിന്റെ മറ്റൊരു ഉദാഹാരണം.
ചാരന്മാരേയും ഇറാനിലെ സഹായികളേയും ഉപയോഗിച്ച് ഇറാന്റെ സൈനിക കേന്ദ്രങ്ങളുടെ സ്വഭാവവും അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ആദ്യം ശേഖരിച്ചു. ആണവ കേന്ദ്രങ്ങളെക്കുറിച്ചും അവിടുത്തെ ഭൂപ്രകൃതിയുമെല്ലാം കൃത്യമായി പഠിച്ചു. ഇറാന്റെ ഉന്നത സൈനിക നേതാക്കളുടെ ദൈനം ദിന ജീവിത ചര്യകളും സ്വഭാവങ്ങളും കിറു കൃത്യമായ ചിത്രങ്ങളും മനസ്സിലാക്കി. ആക്രമണത്തിന്റെ സ്വഭാവവും കാഠിന്യവും തീരുമാനിച്ചു. പ്രധാനമായും മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു ഓപ്പറേഷൻ റൈസിംഗ് ലയൺ ഇസ്രയേൽ ആസൂത്രണം ചെയ്തത്. ഇറാന്റെ അസ്ഫാജാബാദിലുള്ള മിസൈൽ ലോഞ്ചിംഗ് കേന്ദ്രത്തെ തകർക്കുക. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിഷ്ക്രിയമാക്കുക. തുടർന്ന് വ്യോമാക്രമണത്തിലൂടെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ഇല്ലാതാക്കുക.
ഇറാന്റെ വ്യോമ പ്രതിരോധവും മിസ്സൈൽ ലോഞ്ചിംഗ് സെന്ററുകളും തകർക്കാൻ പോർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ മൊസ്സാദ് മറ്റ് പദ്ധതികൾ ആസൂത്രണം ചെയ്തു. ഇറാനിലേക്ക് രഹസ്യമായി ആയുധങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും കടത്തി. ഡ്രോണുകളുടെ ഭാഗങ്ങളും ഇങ്ങനെ കടത്തിയ മൊസ്സാദ് ഇറാൻ തലസ്ഥാനമായ ടെഹ്രാനു സമീപം ഒരു ഡ്രോൺ ലോഞ്ചിംഗ് കേന്രം്ക തന്നെ സ്ഥാപിച്ചു. ഭൂമിക്കടിയിൽ എല്ലാ സംവിധാനങ്ങളോടും കൂടിയ ലോഞ്ചിംഗ് കേന്ദ്രം വളര നാളത്തെ പരിശ്രമത്തിലൂടെയാണ് സ്ഥാപിച്ചത്. ചാവേർ ഡ്രോണുകളായി പേരെടുത്ത കാമിക്കാസ ഡ്രോണുകളാണ് കൂടുതലായി ഈ കേന്ദ്രത്തിലെത്തിച്ചത്. ദൂരനിയന്ത്രിത സ്ഫോടക വസ്തുക്കളും ഇവിടെയെത്തിച്ചു. ഈ കേന്ദ്രം ഓപ്പറേറ്റ് ചെയ്യാൻ ആർക്കും സംശയം തോന്നാത്ത രീതിയിൽ മൊസ്സാദിന്റെ ചാരന്മാരുമുണ്ടായിരുന്നു.
ആക്രമണത്തിനായി തയ്യാറെടുക്കുമ്പോൾ തന്നെ ഇറാനെ തെറ്റിദ്ധരിപ്പിക്കാനും ഇസ്രയേലിനു കഴിഞ്ഞു. ഗാസ ആക്രമണത്തെ തുടർന്ന് അമേരിക്കയുമായി നല്ല ബന്ധത്തിലല്ല എന്ന നിഗമനത്തിലെത്താൻ വേണ്ട രീതിയിലുള്ള പരസ്യ പ്രസ്താവനകൾ ഉണ്ടായി. ഇസ്രയേലിൽ തന്നെ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അവിശ്വാസവും തർക്കങ്ങളും വിമർശനങ്ങളും ഉണ്ടായി. ഇത് ഇസ്രയേലിൽ തമ്മിലടി ഉണ്ടെന്നും ഗാസ ആക്രമണത്തിനിടെ മറ്റൊരാക്രമണം ഇസ്രയേൽ നടപ്പിലാക്കില്ലെന്നും ഇറാനെ വിശ്വസിപ്പിക്കുന്നതായിരുന്നു.
ഇറാനെതിരെയുള്ള ആക്രമണം ചർച്ച ചെയ്യാൻ ഇസ്രയേലിന്റെ ഉന്നത സമിതി നിരന്തരം സമ്മേളിച്ചിരുന്നു. എന്നാലിത് ഹമാസുമായുള്ള യുദ്ധത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു വിശദീകരണം. ഇസ്രയേലിന്റെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളവർ മാത്രമായിരുന്നു വിവരങ്ങൾ അറിഞ്ഞിരുന്നത്. അങ്ങനെ ഓപ്പറേഷൻ രഹസ്യമായി സൂക്ഷിക്കാനും അമ്പരപ്പിക്കുന്ന രീതിയിൽ അത് നടപ്പിലാക്കാനും ഇസ്രയേലിനു കഴിഞ്ഞു. ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇറാന്റെ മണ്ണിൽ വെച്ച് വധിച്ചതും ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകൾ പൊട്ടിത്തെറിച്ചതും ഗൗരവത്തോടെ കണ്ട് വേണ്ട മുൻകരുതൽ എടുക്കാൻ ഇറാൻ ശ്രമിച്ചതുമില്ല. അതോടെ ഇസ്രയേലിന് കാര്യങ്ങൾ എളുപ്പമായി.
ജൂൺ 13 ന് രാവിലെ ടെഹ്‌റാനു സമീപമുള്ള രഹസ്യ ഡ്രോൺ ആക്രമണ കേന്ദ്രത്തിൽ നിന്ന് പറന്നുയർന്ന കാമിക്കാസോ ഡ്രോണുകൾ ഇറാന്റെ അസ്ഫജബാദിലുള്ള മിസൈൽ സംവിധാനങ്ങളെ തകർത്തു. നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്ന ആയുധങ്ങൾ റിമോട്ട് കണ്ട്രോളിലൂടെ പ്രവർത്തിപ്പിച്ച് ഇറാന്റെ റഡാറുകളേയും വ്യോമപ്രതിരോധ സംവിധാനത്തെയും ഇല്ലാതാക്കി. ഇതോടെ കാത്തുനിന്നിരുന്ന ഇസ്രയേൽ വ്യോമസേനയുടെ പോർ വിമാനങ്ങൾക്ക് ആക്രമിക്കാൻ എല്ലാ വഴികളും തെളിഞ്ഞു. ഇറാന്റെ വ്യോമ മേഖല പ്രതിരോധമില്ലാതെ നിസ്സഹായമായി. ഇരുനൂറോളം യുദ്ധ വിമാനങ്ങൾ ഇറാനിൽ സംഹാര താണ്ഡവം തന്നെ നടത്തി.
ഇറാൻ വിപ്ലവസേനയുടെ തലവനും മറ്റ് ജനറൽമാരും പ്രമുഖരായ ഇരുപതോളം ആണാവശാസ്ത്രജ്ഞരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മിസൈൽ സംവിധാനങ്ങൾ തകർന്നു. വ്യോമപ്രതിരോധം തകർന്നു. എന്ത് ചെയ്യണമെന്നറിയാതെ ആദ്യ മണിക്കൂറുകളിൽ ഇറാൻ അങ്കലാപ്പിലായി. ഇസ്രയേലിനു നേരേയുള്ള പ്രത്യാക്രമണം താമസിക്കാൻ കാരണമായതും മൊസ്സാദിന്റെ കൃത്യതയുള്ള ആസൂത്രണമായിരുന്നു
Discussion about this post