ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈന ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചൈനയിൽ പോവുക. ഗാൽവാൻ സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ എസ്‌സിഒ പ്രതിരോധ യോഗത്തിൽ പങ്കെടുക്കുന്നത്.
ഈ മാസം അവസാനം എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനയിലെ ക്വിംഗ്‌ദാവോ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ചൈന സന്ദർശനം.
2024 ഒക്ടോബറിലെ ഇന്ത്യ-ചൈന അതിർത്തി കരാറിന് ശേഷമുള്ള ആദ്യത്തെ മന്ത്രിതല ഇടപെടലായിരിക്കും ഈ സന്ദർശനം. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് പുനരാരംഭിക്കാനും സൈന്യത്തെ പിൻവലിക്കാനും 2024 ഒക്ടോബറിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
കൈലാഷ് മാനസസരോവർ യാത്ര, വ്യോമഗതാഗതം എന്നീ കാര്യങ്ങളിൽ പ്രത്യേക ചർച്ചകൾ നടക്കും എന്നാണ് സൂചന. ലാവോസിൽ നടന്ന എഡിഎംഎം-പ്ലസ് ഉച്ചകോടിക്കിടെ രാജ്നാഥ് സിംഗ് ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി സൺ വീഡോങ്ങും തമ്മിൽ അടുത്തിടെ ഡൽഹിയിൽ വച്ചും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.
Discussion about this post