ടെഹ്റാൻ : ഇസ്രായേൽ ഇറാന ആക്രമിക്കുന്നത് തുടർന്നാൽ പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ സൈനിക കമാൻഡർ. ഐആർജിസി കമാൻഡർ ജനറൽ മൊഹ്‌സെൻ റെസായി ആണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇസ്രായേൽ ഇറാനിൽ ആണവ ബോംബ് പ്രയോഗിച്ചാൽ പാകിസ്താനും ഇസ്രായേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയ ഒരു പ്രക്ഷേപണത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡറും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ ജനറൽ മൊഹ്‌സെൻ റെസായി വിവാദമായ ഈ പ്രസ്താവന നടത്തിയത്. എന്നാൽ വാർത്ത പുറത്തുവന്ന ഉടൻതന്നെ പാകിസ്താൻ ഇക്കാര്യം നിഷേധിച്ചു. ഇസ്ലാമാബാദ് അത്തരമൊരു പ്രതിജ്ഞാബദ്ധത നടത്തിയിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താന്റെ ആണവായുധ ശേഖരത്തിന് മൂന്നാം കക്ഷി സംഘർഷവുമായി ബന്ധമില്ലെന്ന് ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. ആണവകരാർ നിഷേധിച്ചെങ്കിലും പാകിസ്താൻ ഇറാന് ശക്തമായ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇസ്ലാമിക രാജ്യങ്ങളും ഇറാനോടൊപ്പം നിലകൊള്ളണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ജൂൺ 14 ന് ദേശീയ അസംബ്ലിയിൽ സംസാരിക്കവെ, ഇസ്രയേലിനെ ഒരുമിച്ച് നേരിട്ടില്ലെങ്കിൽ മുസ്ലീം രാജ്യങ്ങൾക്ക് ഇറാനും പലസ്തീനും അനുഭവിച്ചതിന് സമാനമായ വിധി നേരിടേണ്ടിവരുമെന്ന് ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post