ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ സാന്നിധ്യത്തിൽ ആയിരുന്നു കമ്മീഷനിംഗ് നടന്നത്. കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് രാജേഷ് പെൻഡാർക്കർ കമ്മീഷനിംഗ് ചടങ്ങിന് ആതിഥേയത്വം വഹിച്ചു. ഉപരിതല നിരീക്ഷണവും ഇന്റർഡിക്ഷനും, തിരച്ചിൽ, രക്ഷാ ദൗത്യങ്ങൾ, ലോ-ഇന്റൻസിറ്റി മാരിടൈം ഓപ്പറേഷൻസ് (LIMO) എന്നിവ നടത്താൻ സജ്ജീകരിച്ചിരിക്കുന്ന അർണാല വിശാലമായ അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
മഹാരാഷ്ട്രയിലെ വസായിലെ ചരിത്രപ്രസിദ്ധമായ അർണാല കോട്ടയുടെ പേരാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് പ്രൊപ്പൽഡ് യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ‘അർണാല’.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജി.ആർ.എസ്.ഇ) ആണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ എൽ & ടി ഷിപ്പ് ബിൽഡേഴ്‌സുമായി സഹകരിച്ചായിരുന്നു നിർമ്മാണം. 80 ശതമാനത്തിലധികം തദ്ദേശീയ ഭാഗങ്ങളോടെയാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), എൽ ആൻഡ് ടി, മഹീന്ദ്ര ഡിഫൻസ്, MEIL എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നുള്ള നൂതന സംവിധാനങ്ങൾ ആണ് ഈ യുദ്ധക്കപ്പലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്തയിലും കാട്ടുപ്പള്ളിയിലും സ്ഥിതി ചെയ്യുന്ന കപ്പൽ ഉൽപ്പാദന ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പൽ മേൽനോട്ട സംഘങ്ങളുടെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. മെയ് 8 ന് കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.
77 മീറ്റർ നീളവും 14,90 ടണ്ണിൽ കൂടുതൽ ഭാരവുമാണ് ഈ യുദ്ധക്കപ്പലിനുള്ളത്. ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. കപ്പലിന്റെ മുദ്രാവാക്യമായി ദേവനാഗരി ലിപിയിൽ “അർണവേ ശൗര്യം” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. സമുദ്രത്തിന്റെ ശൗര്യം എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയിൽ സ്വാശ്രയത്വം കൈവരിക്കുക എന്ന ഇന്ത്യൻ നാവികസേനയുടെ ലക്ഷ്യമാണ് അർണാലയിലൂടെ സാക്ഷാത്കരിക്കുന്നത്.
Discussion about this post