ഇസ്ലാമാബാദ് : ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണങ്ങളെ അപലപിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നടത്തിയ ‘നയതന്ത്ര ഇടപെടലിന്’ 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്താൻ ശുപാർശ ചെയ്തിരുന്നത്. പിറ്റേദിവസം തന്നെ ട്രംപിന്റെ ഇറാനിലെ നടപടിക്കെതിരായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താൻ.
ഇറാന് പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട് എന്നും പാകിസ്താൻ വ്യക്തമാക്കി. മേഖലയിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ തങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ.
അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നുവെന്നും പാകിസ്താൻ സൂചിപ്പിച്ചു. “ഐക്യരാഷ്ട്രസഭ ചാർട്ടർ പ്രകാരം ഇറാന് സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശമുണ്ട്. ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം മേഖലയിൽ ഗുരുതരമായ പിരിമുറുക്കം ആണ് സൃഷ്ടിക്കുന്നത്. യുഎൻ ചാർട്ടറിന്റെ തത്വങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും അനുസൃതമായി സംഭാഷണം, നയതന്ത്രം എന്നിവ മാത്രമാണ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏക പ്രായോഗിക മാർഗം” എന്നും പാകിസ്താൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികക്കുറിപ്പ് വ്യക്തമാക്കുന്നു.
Discussion about this post