ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക കൂടി പങ്കുചേർന്നതോടെ മധ്യപൂർവദേശം യുദ്ധഭീതിയിലാണ്. ഇന്ന് രാവിലെ അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ തകർത്തു. അമേരിക്കയുടെ ഈ ഇടപെടലിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷവും രൂക്ഷമായിരിക്കുകയാണ്. സ്ഥിതിഗതികൾ ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി സംസാരിച്ചു.
യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇറാൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 45 മിനിറ്റ് നീണ്ടുനിന്ന സംഭാഷണം നടത്തിയതായി പെസഷ്കിയാൻ അറിയിച്ചു. ഇന്ത്യ ഇറാന്റെ ഒരു നല്ല സുഹൃത്തും പങ്കാളിയും ആണെന്ന് ഇറാൻ പ്രസിഡണ്ട് വിശേഷിപ്പിച്ചു.
മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് മോദി പെസഷ്കിയാനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. സമീപകാലത്തെ സംഭവങ്ങളിൽ ഇന്ത്യ അഗാധമായ ആശങ്ക പ്രകടിപ്പിക്കുന്നതായും മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
സംഘർഷം കുറയ്ക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ബന്ധങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഇറാൻ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതായി മോദി വ്യക്തമാക്കി. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post