ബഹിരാകാശത്തുനിന്ന് ഹിന്ദിയിൽ നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല.ന്തോഷത്തോടെ ജയ് ഹിന്ദ് പറഞ്ഞാണ് ശുഭാംശു യാത്ര ആരംഭിച്ചത്. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്കായി ഹിന്ദിയിൽ ശുഭാംശുവിന്റെ സന്ദേശമെത്തി.
നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്തെത്തി. ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്! എന്നാണ് അദ്ദേഹം പറഞ്ഞത്.
നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നായിരുന്നു വിക്ഷേപണം. സ്‌പേസ്എക്‌സിൻറെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഗ്രൂപ്പ് ക്യാപ്റ്റനും ഇദ്ദേഹമാണ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
ബഹിരാകാശ സഞ്ചാരികൾ ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിക്കും. അവിടെ അവർ ശാസ്ത്രീയ ഗവേഷണങ്ങൾ അടക്കമുള്ളവ നടത്തും. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങൾ അവർ നടത്തും. ഈ ഗവേഷണങ്ങളിൽ 31 രാജ്യങ്ങൾ സഹകരിക്കും
Discussion about this post