ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിന്റെ പ്രൈമറി ഘട്ടത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. ബുധനാഴ്ച നടന്ന ന്യൂയോർക്ക് സിറ്റി മേയർ പ്രൈമറിയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൂടി വിജയിച്ചാൽ അദ്ദേഹത്തിന് ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് എത്താൻ കഴിയും.
ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവായ മീര നായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. ഒഡീഷയിൽ ജനിച്ചു വളർന്ന മീര ഡൽഹിയിൽ വേരുകൾ ഉള്ള പഞ്ചാബി വംശജയാണ്. മീര നായരുടെയും രണ്ടാമത്തെ ഭർത്താവായ ഇന്തോ-ഉഗാണ്ടൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. 1991-ൽ ഉഗാണ്ടയിലെ കമ്പാലയിൽ ആണ് അദ്ദേഹം ജനിച്ചത്. 2020-ൽ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ ക്വീൻസിലെ അസ്റ്റോറിയയെ പ്രതിനിധീകരിച്ച് സൊഹ്‌റാൻ ന്യൂയോർക്ക് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയിലും അംഗമാണ് സൊഹ്‌റാൻ മംദാനി. ഏഴ് വയസ്സുള്ളപ്പോൾ ആണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി ന്യൂയോർക്ക് സിറ്റിയിൽ സ്ഥിരതാമസമാക്കിയത്. ബൗഡോയിൻ കോളേജിൽ നിന്ന് ആഫ്രിക്കാന പഠനത്തിൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. താനൊരു ഷിയ മുസ്ലിം ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ള സൊഹ്‌റാൻ മംദാനി സിറിയൻ അമേരിക്കൻ കലാകാരിയായ രാമ ദുവാജിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കൂടി വിജയിച്ചാൽ ന്യൂയോർക്കിന്റെ മേയർ സ്ഥാനത്ത് എത്തുന്ന ആദ്യം മുസ്ലിം ആകും സൊഹ്‌റാൻ മംദാനി.
Discussion about this post