ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ട്രമ്പ് ഇറാനുമായി ഏതെങ്കിലും വിധത്തിലുള്ള ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചുള്ള സംസാരത്തിലാണ് ശ്രദ്ധ വരുത്തേണ്ടത് എന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ചുള്ള ട്രംപിന്റെ വാക്കുകൾ ബഹുമാനം ഇല്ലാത്തതും അനാദരവോടെയുള്ളതും ആണ്. ഈ രീതി ഇറാനെ സംബന്ധിച്ച് അസ്വീകാര്യമാണ് എന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയത്. പ്രസിഡന്റ് ട്രംപ് ആത്മാർത്ഥതയുള്ളവനാണെങ്കിൽ, ഒരു കരാർ ആഗ്രഹിക്കുന്നതിൽ ഖമേനിയെ കുറിച്ചുള്ള മോശം സംസാരം അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇറാന്റെ പരമോന്നത നേതാവിനെ പിന്തുണയ്ക്കുന്ന ദശലക്ഷക്കണക്കിന് ആൾക്കാരാണ് ഉള്ളത്. അദ്ദേഹത്തെ കുറിച്ചുള്ള മോശം സംസാരം അവർക്ക് ഏറെ വേദനയുണ്ടാക്കുന്നതാണ് എന്നും ഇറാൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തിൽ നിന്ന് ഖമേനിയെ രക്ഷിച്ചത് താനാണെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാനുമേലുള്ള ഉപരോധം നീക്കാനുള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ താൻ അന്വേഷിച്ചുവരികയായിരുന്നുവെന്നും ട്രംപ് പരാമർശിച്ചു. പക്ഷേ ഇറാനിൽ നിന്നുള്ള കോപവും വെറുപ്പും നിറഞ്ഞ പ്രസ്താവനകൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അതിനാൽ ഉപരോധം ഒഴിവാക്കുന്നതിനുള്ള എല്ലാ നടപടികളും ഉടൻ ഉപേക്ഷിച്ചു എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ സംസാരരീതിയെ കുറിച്ചുള്ള ഇറാൻ വിദേശകാര്യ മന്ത്രിയുടെ പരാമർശം.
Discussion about this post