കോലാപൂരി ചെരുപ്പ് ഡിസൈൻ കോപ്പിയടിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡ. മഹാരാഷ്ട്ര ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിക്ക് അയച്ച കത്തിൽ പ്രാഡ ഗ്രൂപ്പ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി തലവൻ ലോറേൻസോ ബെർടെല്ലിയാണ് അടിച്ചുമാറ്റൽ സമ്മതിച്ചത്.
‘മിലാനിൽ ഷോയ്ക്കിടെ പ്രദർശിപ്പിച്ച ചെരുപ്പുകൾ കോലാപ്പൂരി കരകൗശലക്കാർ നിർമ്മിക്കുന്നതിന് സമാനമാണെന്ന് മനസിലാക്കുന്നു. നൂറുകണക്കിന് വർഷം പാരമ്പര്യമുള്ള കോലാപ്പൂരി ചപ്പലിന്റെ സാംസ്‌കാരികപെരുമ ഞങ്ങൾ അംഗീകരിക്കുന്നു’ എന്നാണ് കത്തിൽ ലോറേൻസോ ബെർടെല്ലി കുറിച്ചത്.
സ്പ്രിങ്/സമ്മർ മെൻസ്വെയർ ഷോക്കിടെയാണ് പ്രാഡ കോലാപ്പൂരി ചെരിപ്പിനോട് സമാനമുള്ള മോഡൽ പ്രദർശിപ്പിച്ചത്.പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വില വരുന്നത്.എന്നാൽ, കോലാപ്പൂരി ചപ്പലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ ചെരിപ്പ് ഡിസൈൻ ചെയ്തതെന്ന് ഷോയിൽ അറിയിക്കാൻ പ്രാഡ തയാറായില്ല. തുടർന്ന് കമ്പനിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ബി.ജെ.പി എം.പിയായ ധനഞ്ജയ് മഹാദിക് പ്രാഡ കോലാപൂരി ചപ്പലിന്റെ ഡിസൈൻ കോപ്പിയടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്. ചെരിപ്പിന് ജി.ഐ അവകാശം ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു.
Discussion about this post