ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് പരസ്പര താരിഫ് ചുമത്തുന്നതിനുള്ള ട്രംപിന്റെ സമയപരിധി ജൂലൈ 9 ന് അവസാനിക്കാനിരിക്കെ ഇന്ത്യയും യുഎസും തമ്മിൽ ഒരു വ്യാപാരക്കരാർ ഉണ്ടാകുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമായിരിക്കും.
വ്യാപാര കരാർ അന്തിമമാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾ, വൈൻ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് വിലയിൽ കുറവ് വേണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുണിത്തരങ്ങൾ, ചെമ്മീൻ, രത്നങ്ങൾ, തുകൽ എന്നിവയ്ക്ക് ഇളവ് വേണമെന്ന് ഇന്ത്യയും ആവശ്യമുന്നയിച്ചിട്ടുണ്ട്. പരസ്പര ആവശ്യങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം അരി, പഴങ്ങൾ, തിന, ഗോതമ്പ് തുടങ്ങിയ കാർഷിക വിഷയങ്ങൾ ഇന്ത്യ സംരക്ഷിക്കുമെന്ന് അമേരിക്കയിൽ സംസാരിച്ച വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ പ്രധാനമായും കൃഷി, വാഹനങ്ങൾ, വ്യാവസായിക വസ്തുക്കൾ, തൊഴിൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃഷി, ക്ഷീരോൽപ്പാദന മേഖലകളിൽ നിയന്ത്രിതമായ ഇളവുകൾ മാത്രമായിരിക്കും ഇന്ത്യ നൽകുക. ഇതുവരെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലൊന്നിലും ഇന്ത്യ ക്ഷീരോൽപ്പാദനം ഉൾപ്പെടുത്തിയിട്ടില്ല. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, ചെമ്മീൻ, എണ്ണക്കുരുക്കൾ, മുന്തിരി, വാഴപ്പഴം തുടങ്ങിയവയിൽ തീരുവ ഇളവ് വേണമെന്നാണ് ഇന്ത്യ വ്യാപാര കരാറിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post