പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ഉണ്ടായ നാണംകെട്ട തോൽവിക്ക് പിന്നാലെ 43 നേതാക്കൾക്ക് ‘കാരണം കാണിക്കൽ’ നോട്ടീസ് നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഉൾപാർട്ടി കലഹവും പരസ്യമായുള്ള വാക്കു തർക്കങ്ങളും സംഘർഷങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോൺഗ്രസിന്റെ ഈ വ്യത്യസ്തമായ നടപടി.
ടിക്കറ്റ് വിതരണം മുതൽ പ്രചാരണം വരെ നിരവധി നേതാക്കൾ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തി. ചിലർ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തി, മറ്റുള്ളവർ സ്വന്തം ഗ്രൂപ്പുകൾ രൂപീകരിച്ച് സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു, എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബീഹാറിലെ കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്നത്. ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി, സ്ഥാനാർത്ഥികൾ സംസ്ഥാന ഓഫീസായ സദകത്ത് ആശ്രമത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, ഓരോ നേതാക്കളും തിരഞ്ഞെടുപ്പ് സമയത്ത് എന്തു ചെയ്തു, എന്ത് തരത്തിലുള്ള വഞ്ചനയാണ് സംഭവിച്ചത്, അവരുടെ പ്രദേശത്ത് പാർട്ടിയുടെ പിടി ദുർബലമാകാൻ കാരണമെന്ത് എന്നിവ വിശദമായി പറയാൻ സ്ഥാനാർത്ഥികളോട് ആവശ്യപ്പെടുന്നു.
സംസ്ഥാന നേതൃത്വം ഈ റിപ്പോർട്ടുകൾ പരിശോധിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേതാക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഉത്തരങ്ങൾ തൃപ്തികരമല്ലെങ്കിൽ, നടപടി ഉറപ്പാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇത്തവണ കർശനമായ നടപടികളുടെ ഭാഗമായി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കൽ മാത്രമല്ല, ആറ് വർഷം വരെ പാർട്ടിയിൽ നിന്ന് പുറത്താക്കലും ഉൾപ്പെടുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.









Discussion about this post