റായ്പുർ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരശൃംഖലയുമായി ബന്ധം പുലർത്തുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്) മായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് റായ്പൂരിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ അറിയിച്ചു.
സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ പ്രചാരണങ്ങൾ നടത്തുകയായിരുന്നു ഇവർ പ്രധാനമായും ചെയ്തിരുന്നത്. പാകിസ്താൻ ആസ്ഥാനമായുള്ള ഐസിസ് മൊഡ്യൂളുകളുടെ നിർദ്ദേശപ്രകാരമാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ പ്രവർത്തിച്ചത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇവർ സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ സന്ദേശങ്ങളും തീവ്ര ഇസ്ലാമിക ആശയങ്ങളും തീവ്രവാദ പ്രചാരണങ്ങളും നടത്തിവന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
യുഎപിഎ വകുപ്പ് ചുമത്തിയാണ് ഈ ആൺകുട്ടികൾക്ക് എതിരെ ഛത്തീസ്ഗഡ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരമൊരു കേസ് ആദ്യമാണെന്നും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന കൂടുതൽ ആളുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.









Discussion about this post