വാഷിംഗ്ടൺ : ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപ് വിമർശനം കടുപ്പിച്ചത്. വൈകാതെ മസ്ക് കട പൂട്ടേണ്ടി വരും എന്നും ട്രംപ് സൂചിപ്പിച്ചു.
സർക്കാർ സബ്‌സിഡികൾ ഇല്ലെങ്കിൽ, മസ്‌ക് “കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാൻ” നിർബന്ധിതനാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള ട്രംപിന്റെ പ്രതികരണം. റോക്കറ്റ് വിക്ഷേപണങ്ങൾ മുതൽ ഉപഗ്രഹ നിർമ്മാണം, ഇലക്ട്രിക് വാഹന നിർമ്മാണം എന്നിവ വരെ എല്ലാം നിർത്തിവയ്ക്കേണ്ടി വരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മസ്കിന് ലഭിക്കുന്ന സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ നികുതിദായകരുടെ പണം ഗണ്യമായി ലാഭിക്കാൻ കഴിയുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഡൊണാൾഡ് ട്രംപിന്റെ മുൻനിര നികുതി ഇളവ്, ചെലവ് ബില്ലിനെതിരായ എലോൺ മസ്കിന്റെ വിമർശനം ആണ് വീണ്ടും ട്രംപ്-മസ്ക് വാഗ്വാദത്തിലേക്ക് നയിച്ചത്. ബിൽ നടപ്പിലാക്കിയാൽ “അമേരിക്ക പാർട്ടി” എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ വിഭാഗം ആരംഭിക്കുമെന്ന് മസ്ക് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസ് പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.
Discussion about this post