ഷിംല : ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങളും കനത്ത മഴയും മൂലം നിരവധി ജില്ലകളിൽ പ്രളയം ഉണ്ടായതാണ് മഴക്കെടുതി രൂക്ഷമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം സ്ഥിരീകരിച്ചു. മാണ്ഡി ജില്ലയിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ രൂക്ഷമായിട്ടുള്ളത്.
വരുംദിവസങ്ങളിലും ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകിയതാണ് മാണ്ഡി ജില്ലയിൽ പ്രളയം സൃഷ്ടിച്ചത്. മേഖലയിൽ നിരവധി പേരെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുമുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗത തടസ്സം നേരിട്ടത് രക്ഷാപ്രവർത്തനത്തേയും തടസ്സപ്പെടുത്തി.
ഹിമാചൽ പ്രദേശിൽ ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം മേഘവിസ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ ജൂലൈ 1 വരെ 51 പേർ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. 103 പേർക്ക് പരിക്കേൽക്കുകയും 22 പേരെ കാണാതാവുകയും ചെയ്തു. വിവിധ ജില്ലകളിലായി നിരവധി റോഡുകളും വൈദ്യുത നിലയങ്ങളും തകർന്നു. സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെയായി ആകെ സാമ്പത്തിക നഷ്ടം 28,339.81 ലക്ഷം രൂപയാണെന്ന് ഹിമാചൽ സർക്കാർ വ്യക്തമാക്കി.
Discussion about this post