മുംബൈ : മഹാരാഷ്ട്ര തീരത്ത് ‘ദുരൂഹ കപ്പൽ’ കണ്ടെത്തിയതായി റിപ്പോർട്ട്. സംശയാസ്പദമായ രീതിയിൽ കപ്പൽ കണ്ടെത്തിയതിനെ തുടർന്ന് നാവികസേന ഈ മേഖലയിൽ സുരക്ഷ ശക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ഇന്ത്യൻ നാവികസേനയുടെ റഡാറിൽ മഹാരാഷ്ട്ര തീരത്ത് സംശയാസ്പദമായ കപ്പൽ കണ്ടെത്തിയത്. കപ്പൽ തടഞ്ഞുനിർത്തി പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നാവികസേന അറിയിച്ചു.
മഹാരാഷ്ട്ര തീരത്ത് സംശയാസ്പദമായി കണ്ടെത്തിയത് പാകിസ്താൻ മത്സ്യബന്ധന കപ്പൽ ആയിരിക്കാം എന്നാണ് സൂചന. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു ഈ കപ്പൽ കണ്ടെത്തിയിരുന്നത്. പോലീസും സമുദ്ര സുരക്ഷാ ഉദ്യോഗസ്ഥരും കപ്പലിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
റായ്ഗഡ് പോലീസ്, ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ് (ബിഡിഡിഎസ്), നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയിലെ ഉദ്യോഗസ്ഥർ രാത്രിയിൽ തന്നെ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. എന്നാൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നത് സമുദ്രത്തിലെ തിരച്ചിൽ ദുഷ്കരമാക്കി. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചതായി നാവികസേന അറിയിച്ചു.
Discussion about this post