നിപ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രാജാറാമിന്റെ നിർദ്ദേശം. നിലവിൽ ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.
പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക, നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്, താഴെ വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക, വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽനിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്, പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ വിസർജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, കൈകൾ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, രോഗീപരിചരണത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക എന്നീ മുൻകരുതലുകൾ വേണമെന്നും ഡിഎംഒ നിർദേശിച്ചു.
അതേസമയം പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആൻറി ബോഡി നൽകി.
Discussion about this post