ബ്രസീലിയ : റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി ഇന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ജൂലൈ 6 മുതൽ 7 വരെ റിയോ ഡി ജനീറോയിൽ നടന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി ബ്രസീലിയയിലെത്തിയത്. പരമ്പരാഗത ബ്രസീലിയൻ സാംബ റെഗ്ഗെ പ്രകടനവും ശിവ താണ്ഡവ സ്തോത്രവും ഇന്ത്യൻ ക്ലാസിക്കൽ നൃത്തവും ഒരുക്കിയാണ് ബ്രസീലിയ മോദിയെ സ്വീകരിച്ചത്. ‘അവിസ്മരണീയമായ സ്വാഗതം’ എന്ന് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. “അൽപ്പം മുമ്പ് ബ്രസീലിയയിലെത്തി. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള അവിസ്മരണീയമായ സ്വാഗതം, നമ്മുടെ പ്രവാസികൾ എത്രമാത്രം വൈകാരികരാണെന്നും അവരുടെ വേരുകളുമായി അവർ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരിക്കൽ കൂടി ഇത് കാണിക്കുന്നു” എന്ന് പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ജൂലൈ 2 മുതൽ ജൂലൈ 10 വരെയായി 5 രാഷ്ട്രങ്ങളാണ് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മോദി ബ്രസീലിൽ എത്തിയത്. ബ്രസീൽ പ്രസിഡണ്ടുമായി പ്രതിരോധ, വ്യാപാര കരാറുകൾ ഇന്ന് ചർച്ച നടത്തും. ബ്രസീലിൽ നിന്നും പ്രധാനമന്ത്രി നമീബിയ സന്ദർശനത്തിനായി തിരിക്കും.
Discussion about this post