ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു ശേഷം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ ഡിമാൻഡ് ഉയർന്നിരിക്കുകയാണ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ലോകരാജ്യങ്ങളെ ആകർഷിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ വാങ്ങാൻ ബ്രസീൽ താൽപര്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ നിർമ്മിത റോക്കറ്റ് ലോഞ്ചറുകൾ ആയ ‘പിനാക’ വാങ്ങുന്നതിനായുള്ള താല്പര്യം അറിയിച്ചിരിക്കുകയാണ് സൗദി അറേബ്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ. ‘പിനാക’ റോക്കറ്റ് ലോഞ്ചറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടയാണ് പുതിയ മൂന്ന് രാജ്യങ്ങൾ കൂടി ഇക്കാര്യത്തിൽ താല്പര്യം അറിയിച്ചിരിക്കുന്നത്.
സൗദി അറേബ്യ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പിനാക എംബിആർഎൽ വാങ്ങാനായുള്ള താല്പര്യം ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. പിനാക നിർമ്മിക്കുന്ന കമ്പനിയായ സോളാർ ഇൻഡസ്ട്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ വിരമിച്ച മേജർ ജനറൽ ബി ആര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവന്റെ വില്ലായ പിനാകയുടെ പേരിലാണ് ഇന്ത്യയുടെ ഈ അഭിമാന റോക്കറ്റ് ലോഞ്ചർ അറിയപ്പെടുന്നത്. 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിവുള്ളവയാണ് പിനാക റോക്കറ്റ് ലോഞ്ചറുകൾ.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൾട്ടിബാരൽ റോക്കറ്റ് സിസ്റ്റമാണ് പിനാക. MK-1, MK-2, MK-3 എന്നീ മൂന്ന് വകഭേദങ്ങൾ ആയിട്ടാണ് പിനാക വികസിപ്പിച്ചെടുത്തിട്ടുള്ളത്. 75 കിലോമീറ്റർ ദൂരപരിധിയാണ് പിനാകയ്ക്കുള്ളത്. തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ വികസനത്തിനും നിർമ്മാണത്തിനുമുള്ള വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി പിനാക്ക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ, ബാറ്ററി കമാൻഡ് പോസ്റ്റ് എന്നിവയ്ക്കായി NIBE ലിമിറ്റഡുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) അടുത്തിടെ ഒരു ലൈസൻസിംഗ് കരാറിൽ ഒപ്പുവച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ പിനാക റോക്കറ്റ് ലോഞ്ചറുകൾ വാങ്ങുന്നതിനായി ഫ്രാൻസും താല്പര്യമറിയിച്ചിരുന്നു.
Discussion about this post