ഹൈദരാബാദ് : നടൻ വിജയ് ദേവരകൊണ്ടക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇ.ഡി ഇപ്പോൾ വിജയ് ദേവരകൊണ്ടക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെ ഇ.ഡി കേസെടുത്തിട്ടുള്ളത്.
സിനിമാതാരങ്ങളെ കൂടാതെ ചില യൂട്യൂബർമാർക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും തെലങ്കാനയിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ വാതുവെപ്പിലൂടെയും ചൂതാട്ടത്തിലൂടെയും കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ പണം ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സമ്പാദിച്ചതായാണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി, പ്രകാശ് രാജ്, നിധി അഗർവാൾ, പ്രനിത സുഭാഷ്, അനന്യ നാഗല്ല, ടിവി അവതാരക ശ്രീമുഖി, പ്രാദേശിക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, യൂട്യൂബർമാർ എന്നിവരുൾപ്പെടെ ഏകദേശം 29 സെലിബ്രിറ്റികൾക്കെതിരെ ഇഡി കേസെടുത്തിട്ടുണ്ട്. ജംഗ്‌ലി റമ്മി, ജീത് വിൻ, ലോട്ടസ് 365 തുടങ്ങിയ ഓൺലൈൻ വാതുവെപ്പ് ആപ്പുകകൾക്കായി പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post