നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വർദ്ധന എന്നിവയാണ് സംസ്ഥാനത്തിന്റെ നില പരുങ്ങലിലാക്കിയത്. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്‌ക്കെതിരെ വലിയ പരാതികളും വിമർശനങ്ങളും ഉയരുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോർട്ട് ഈ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാവും കാരണമാകുക.
ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചൽ പ്രദേശ് (83) സംസ്ഥാനങ്ങൾ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കർണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ 93 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി.
9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയിൽ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്സിനേഷൻ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ൽ 92 ആയിരുന്ന വാക്സിനേഷൻ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങൾ ശതമാനം 99.90 ൽ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയതായി ഉൾപ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുൻ കണക്കുകളേക്കാൾ ഉയർന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പിൽ ഇത് 28.50 ആയി ഉയർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തിൽ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരിൽ 12.10 ആണ് ഈ കണക്ക്. എന്നാൽ ഇതും ദേശീയ ശരാശരിയേക്കാൾ (12.4) ഉയർന്ന് നിൽക്കുന്നു.
സംസ്ഥാനത്ത് പ്രതിമാസ പ്രതിശീർഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ 17 ശതമാനമാണ് പ്രതിമാസ പ്രതിശീർഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്ഐവി അണുബാധ, ആയുർദൈർഘ്യം, ആരോഗ്യ പ്രവർത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.
2018 മുതലാണ് കേരളത്തിൽ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ൽ കേരളം പട്ടികയിൽ ഒന്നാമതെത്തി. 2020-21 ൽ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കൽ തുടങ്ങിയ സൂചകങ്ങൾ ഉൾപ്പെടുക്കിയപ്പോൾ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.
Discussion about this post