കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രില്‍ ഒന്നു മുതലേ നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഹര്‍ജിക്കാരന്റെ ഡിവിഷനില്‍ 62 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണികളും സ്‌കൂള്‍ നവീകരണവും ഉള്‍പ്പെട്ട ഈ പദ്ധതികള്‍ക്കുള്ള ഫണ്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ലഭ്യമല്ലാതായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഒരുത്തരവനുസരിച്ച് തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മൂന്നാഴ്ച മുമ്പാണ് ഇലക്ഷന്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച പ്രഖ്യാപനം നടത്തേണ്ടത്. കേരളത്തില്‍ ഏപ്രില്‍ 22 നാണ് വിജ്ഞാപനം വരുന്നതെന്നിരിക്കെ മൂന്നാഴ്ച മുമ്പ് മാത്രം പ്രഖ്യാപനം നടത്തിയാല്‍ മതി. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു കണക്കിലെടുക്കാതെ നേരത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നു. ഈ സ്ഥിതി ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Discussion about this post