ഇടുക്കി : ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽ തന്നെയെന്ന് അന്തിമ റിപ്പോർട്ട്. പോലീസിന്റെയും ഫോറൻസികിന്റെയും വിദഗ്ധ പരിശോധനയിലാണ് കാട്ടാന ആക്രമണത്തിൽ തന്നെയാണ് സീത മരിച്ചതെന്ന് കണ്ടെത്തിയത്. അപകടം നടന്ന സമയത്ത് സീതയെ ഭർത്താവ് കൊലപ്പെടുത്തിയത് ആണെന്നായിരുന്നു വനം മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയിരുന്നത്.
സീതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ ആണ് കാട്ടാന ആക്രമണത്തിൽ അല്ല സ്ത്രീ മരിച്ചത് എന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഈ വാദം വനംമന്ത്രിയും ഏറ്റെടുക്കുകയായിരുന്നു. എന്നാൽ സീതയുടെ ഭർത്താവ് ബിനു കാട്ടാന ആക്രമിച്ചാണ് ഭാര്യ മരിച്ചത് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിൽ ആണ് ഇപ്പോൾ സീതയുടെ ഭർത്താവ് പറഞ്ഞത് സത്യമാണെന്ന് വ്യക്തമായിരിക്കുന്നത്.
സീതയെ കാട്ടാന ആക്രമിച്ചതായി ഭർത്താവ് വ്യക്തമാക്കിയ സ്ഥലത്ത് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മീൻമുട്ടി വനത്തിനുള്ളിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് തോട്ടാപ്പുര സ്വദേശി സീത(42)യെ കാട്ടാന ആക്രമിച്ചത്. വനംവകുപ്പ് താത്കാലിക ജീവനക്കാരൻ കൂടിയാണ് സീതയുടെ ഭർത്താവ് ബിനു.
പ്രാഥമിക റിപ്പോർട്ടിൽ ഉയർന്ന സംശയത്തെ തുടർന്ന് പോലീസും ഫോറൻസികും നടത്തിയ വിശദമായ പരിശോധനയിൽ സീതയുടെ കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം എന്ന് കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമുണ്ടായത് എന്നും കണ്ടെത്തുകയായിരുന്നു. അമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്ന് മക്കളായ സജുമോനും അജിമോനും ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും വനംമന്ത്രി നേരത്തെ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
Discussion about this post