സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് നിർദ്ദേശവുമായി ഇന്ത്യ. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിൽ താമസിക്കുന്നയിടങ്ങളിൽ തന്നെ തുടരണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
നേപ്പാൾ അധികൃതരിൽ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള സുരക്ഷാ ഉപദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുള്ളവർ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ ഫോൺ വഴി ബന്ധപ്പെടണമെന്നും വിദേശ മന്ത്രാലയം നിർദേശിച്ചു. +977 – 980 860 2881, +977981 032 6134 ഇരു നമ്പറുകളിലും വാട്‌സ് ആപ് വഴിയും വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവയുമായി റോഡ് മാർഗം നേപ്പാൾ ബന്ധപ്പെടുന്നുണ്ട്. സുനൗലി – ഭൈരഹവ അതിർത്തി വഴി ഗോരഖ്പൂർ, രൂപൈദിഹ – നേപ്പാൾഗഞ്ച് വഴി ബഹ്റൈച്ച്, ബർഹ്നി – കൃഷ്ണനഗർ വഴി സിദ്ധാർത്ഥ്നഗർ, പിലിഭിത്ത് – ധൻഗാധി വഴി പടിഞ്ഞാറൻ നേപ്പാളിലേക്ക് മടങ്ങാം. യാത്രക്കാർക്ക് ബീഹാറിൽ നിന്ന് റക്സോൾ – ബിർഗഞ്ച് അതിർത്തി വഴി മോത്തിഹാരി വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാം. ഇത് റോഡ് മാർഗം പട്നയിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമായ വഴിയാണ്.
Discussion about this post