കാഠ്മണ്ഡു : നേപ്പാളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം അതിരുകടന്ന് കലാപമായി മാറി. കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചത് പോരാതെ മനുഷ്യരെയും ജീവനോടെ ചുട്ടുകൊല്ലുകയാണ് ഇപ്പോൾ നേപ്പാളിൽ. നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ പ്രക്ഷോഭകാരികൾ ജീവനോടെ തീ കൊളുത്തി കൊന്നു.
നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനങ്ങൾക്കെതിരെ എന്ന പേരിൽ ആയിരുന്നു പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നത്. എന്നാൽ നിരോധനം പിൻവലിച്ചിട്ടും പ്രതിഷേധക്കാർ പ്രക്ഷോഭം അവസാനിപ്പിച്ചില്ല. പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചതിനുശേഷം നേപ്പാളിൽ ആക്രമണ പരമ്പരകൾ അരങ്ങേറുകയാണ്. നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാറിനെയാണ് പ്രക്ഷോഭകാരികൾ ജീവനോടെ ചുട്ടുകൊന്നത്.
പ്രതിഷേധക്കാർ പാർലമെന്റ് കെട്ടിടത്തിനും തീയിട്ടു. നിരവധി സർക്കാർ ഓഫീസുകളും മാധ്യമ സ്ഥാപനങ്ങളും ആക്രമണത്തിനിരയായി. കാഠ്മണ്ഡു ആസ്ഥാനമായുള്ള പ്രമുഖ മാധ്യമ സ്ഥാപനമായ കാന്തിപൂർ ടിവിയുടെ ആസ്ഥാനം പ്രക്ഷോഭകാരികൾ കത്തിച്ചു. മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയെ പ്രതിഷേധക്കാർ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വീടിന് തീയിടുകയും ചെയ്തു.
Discussion about this post