പത്തനംതിട്ട: ആറന്മുളയില് ഇടതു സ്ഥാനാര്‍ഥി നിര്ണ്ണയത്തിനെതിരായി പ്രകടനം നടത്തിയവരെ പുറത്താക്കി.
മൂന്നു ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ അടക്കം 12 പേരെയാണ് പുറത്താക്കിയത്.പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന് എതിരായും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെ അനുകൂലിച്ചും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് നടപടി.
ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ഷൈനു, എ.ആര്. ശശിധരന് നായര്‍, പ്രദീപ്, മഞ്ഞനിക്കര ബ്രാഞ്ച് സെക്രട്ടറി പ്രസന്നന് നായര്‍, മഞ്ഞനിക്കര സൗത്ത് ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥന്, പ്രവര്‍ത്തകരായ അനിയന്, ദിലീപ്, ഓമല്ലൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്, ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് സെക്രട്ടറി ബിനു പണിക്കര്‍ പ്രവര്‍ത്തകരായ പ്രസാദ്, രാജശേഖരന്‍പിള്ള, വിശ്വനാഥന്‍നായര്‍ എന്നിവരടക്കം 12 പേരെയാണ് പുറത്താക്കിയത്. ഇതില്‍ ഷൈനു ഓമല്ലൂര്‍ പഞ്ചായത്ത് അംഗവും ശശിധരന് നായര്‍ മുന്‍ അംഗവും പ്രദീപ് ഡി.വൈ.എഫ്.ഐ. നേതാവുമാണ്.
ഇന്നലെ രാവിലെ ചേര്‍ന്ന പത്തനംതിട്ട ഏരിയാ കമ്മറ്റിയോഗത്തിലും തുടര്‍ന്നുനടന്ന ലോക്കല്‍ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം ആര്. ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ജി. നായര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം ഇവര്‍ ഏരിയാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റക്കാരെ പുറത്താക്കാന്‍ ഏരിയാ കമ്മറ്റി തീരുമാനമെടുത്തു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം തന്നെ ഓമല്ലൂര്‍ ലോക്കല്‍ കമ്മറ്റി വിളിച്ചു ചേര്‍ത്തു തീരുമാനം അറിയിക്കുകയായിരുന്നു.
വീണാ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ആറന്മുളയില് നടന്നത്.പാര്‍ട്ടിയ്ക്കെതിരെ പോസ്റ്ററുകളും പതിച്ചിരുന്നു.അറുപതോളം പേര് പങ്കെടുത്ത പ്രകടനമാണ് ഓമല്ലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്നത്. ഈ സമയം അതുവഴി വന്ന ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. ടി.കെ.ജി. നായരുടെ കാര്‍ പ്രകടനക്കാര്‍ തടയുകയും എതിരായി മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. അതേസമയം, വീണയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് കാട്ടി ഓമല്ലൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാസംസ്ഥാന നേതൃത്വത്തിന് പരാതി നല്കാന് ഒരുങ്ങുകയാണ്.
Discussion about this post