ന്യൂഡൽഹി : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2026 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. നിലവിൽ 2026 മെയ് വരെയാണ് കേന്ദ്രസർക്കാർ ജനറൽ അനിൽ ചൗഹാന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് ജനറൽ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്തേക്ക് എത്തിയിരുന്നത്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയാണ് ജനറൽ അനിൽ ചൗഹാൻ. ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് , ഹയർ കമാൻഡ്, നാഷണൽ ഡിഫൻസ് കോളേജ് കോഴ്‌സുകളിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. 11-ാമത് ഗൂർഖ റൈഫിൾസിന്റെ ആറാം ബറ്റാലിയനിലെ സെക്കൻഡ് ലെഫ്റ്റനന്റായാണ് ആദ്യ നിയമനം ലഭിച്ചിരുന്നത്. 2017-ലാണ് അദ്ദേഹത്തിന് ലെഫ്റ്റനന്റ് ജനറൽ പദവി ലഭിച്ചത്. 2018 ജനുവരിയിൽ, അദ്ദേഹത്തെ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (DGMO) ആയി നിയമിച്ചു. 2019-ൽ പാകിസ്താനെതിരായ ബാലകോട്ട് വ്യോമാക്രമണം , ഇന്ത്യ-മ്യാൻമർ സംയുക്ത കലാപ വിരുദ്ധ ആക്രമണമായ ഓപ്പറേഷൻ സൺറൈസ് എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നത് ഈ കാലയളവിലാണ്.
Discussion about this post