ന്യൂഡൽഹി : രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ കർഷകർക്ക് ദീപാവലി സമ്മാനവുമായി നരേന്ദ്രമോദി സർക്കാർ. ദീപാവലിക്ക് മുന്നോടിയായി പിഎം കിസാൻ പദ്ധതിയുടെ 21-ാം ഗഡു മൂന്ന് സംസ്ഥാനങ്ങളിലെ കർഷകർക്ക് നേരത്തെ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. 27 ലക്ഷം കർഷകർക്ക് ആണ് ഇതുവഴി ഗുണം ലഭിക്കുന്നത്.
കർഷകർക്ക് വർഷത്തിൽ മൂന്ന് തവണ 2,000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ യോജന. ഈ പദ്ധതി പ്രകാരം ഇതുവരെ ആകെ 20 ഗഡുക്കൾ ആണ് കർഷകർക്ക് നേരിട്ട് കൈമാറിയിട്ടുള്ളത്. പുതിയ ഗഡുവിന്റെ ആദ്യഘട്ടത്തിൽ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് ആയിരിക്കും ആദ്യം ധനസഹായം ലഭിക്കുക. ഇതിനായി 540 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ വെല്ലുവിളികൾ നേരിട്ടതിനാൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കർഷകർക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാലാണ് സർക്കാർ പിഎം കിസാൻ യോജനയുടെ ഗഡു ഈ സംസ്ഥാനങ്ങളിലെ കർഷകർക്ക് നേരത്തെ നൽകിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി 27 ലക്ഷം കർഷകരാണ് ഗുണഭോക്താക്കളായി ഉള്ളത്.
Discussion about this post