ഗാന്ധി നഗർ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി സൈബർ തട്ടിപ്പുകൾ നടത്തിയ അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ പിടികൂടി ഗുജറാത്ത് പോലീസ്. 804 കോടിയുടെ തട്ടിപ്പ് ആണ് ഗുജറാത്ത് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് രാജ്യമെമ്പാടും തട്ടിപ്പ് നടത്തിയ സംഘത്തിലെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദുബായ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമായിരുന്നു ഈ സൈബർ കുറ്റവാളികൾ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേരെ ഇവർ ലക്ഷ്യം വെക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളും യുവാക്കളും അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. രണ്ട് ശതമാനം വരെ കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇവർ വിദ്യാർഥികളുടെ ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കിയിരുന്നത്.
രാജ്യത്തുടനീളം 1,549 കുറ്റകൃത്യങ്ങൾ ഈ അന്താരാഷ്ട്ര സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 804 കോടി രൂപയുടെ തട്ടിപ്പുകൾ ഇവർ നടത്തി. ഗുജറാത്തിൽ നിന്നും 141 ഡിജിറ്റൽ കുറ്റകൃത്യങ്ങളിലൂടെ 17.75 കോടി രൂപയാണ് സംഘം സമ്പാദിച്ചത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് 65 മൊബൈൽ ഫോണുകൾ, 447 ഡെബിറ്റ് കാർഡുകൾ, 529 ബാങ്ക് അക്കൗണ്ട് കിറ്റുകൾ, 686 സിം കാർഡുകൾ, 16 പിഒഎസ് മെഷീനുകൾ എന്നിവ
പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post