പാരീസ് : ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ രാജി. ഒരു മാസത്തിൽ താഴെ മാത്രമാണ് സെബാസ്റ്റ്യൻ ലെകോർനു പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നത്. ഫ്രാൻസിൽ 2 വർഷത്തിനിടെ സ്ഥാനമൊഴിയുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെകോർനു.
27 ദിവസങ്ങൾക്ക് മുൻപാണ്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർനുവിനെ നിയമിച്ചിരുന്നത്. വലതുപക്ഷ സഖ്യകക്ഷികളുടെയും രാഷ്ട്രീയ എതിരാളികളുടെയും പിന്തുണ നേടുന്നതിൽ പരാജയപ്പെട്ട പുതിയ മന്ത്രിസഭയ്‌ക്കെതിരായ വിമർശനങ്ങൾ കടുത്തതോടെയാണ് ഇപ്പോൾ പ്രധാനമന്ത്രി രാജി വെച്ചിരിക്കുന്നത്.
സെപ്റ്റംബർ 9 നാണ് ലെകോർനു ഫ്രാൻസിലെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടിരുന്നത്. മന്ത്രിസഭാ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷ ക്യാമ്പിൽ നിന്നും ലെകോർണുവിനെതിരെ വിമർശനം ഉയർന്നിരുന്നു. ഫ്രാൻസിന്റെ വർദ്ധിച്ചുവരുന്ന ധനക്കമ്മി കുറയ്ക്കുന്നതിന് പാർലമെന്റിൽ ഒരു സന്തുലിത ബജറ്റ് പാസാക്കുക എന്ന രാഷ്ട്രീയമായി വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ലെകോർനുവിന് ലഭിച്ചിരുന്നത്. സർക്കാരിന്റെ രൂപരേഖ തയ്യാറാക്കാൻ ലെകോർണു ചൊവ്വാഴ്ച ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. അതിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം.
Discussion about this post